cheriyan philip says about pinaray

തിരുവനന്തപുരം: പിണറായി വിജയന്‍ ഇച്ഛാശക്തിയുള്ള ഭരണാധികാരിയാണെന്നും ആര്‍ക്കും അദ്ദേഹത്തെ അവിഹിതമായി സ്വാധീനിക്കാനാവില്ലെന്നും സിപിഐഎം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്.

കൊള്ളക്കാര്‍ മാത്രം മുഖ്യമന്ത്രിയെ പേടിച്ചാല്‍ മതിയെന്നും ജനങ്ങള്‍ക്ക് ഒട്ടും പേടിക്കേണ്ടതില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പിണറായി സ്വേച്ഛാധിപതിയാണെന്ന് പറയുന്നവര്‍ അതിന്റെ കാരണം എന്തെന്ന് മാത്രം പറയുന്നില്ല. സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ചിലര്‍ പിണറായയിയുടെ രക്തത്തിനായി ദാഹിക്കുകയാണ്. പിണറായിയുടെ രാഷ്ട്രീയം പ്രകടനാത്മകമല്ല, ക്രിയാത്മകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയെ കാണാമെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ ചന്തയല്ലെന്നും ചെറിയാന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കാണേണ്ടവര്‍ക്ക് ഫോണില്‍ വിളിച്ച് സമയം നിശ്ചയിക്കണം. പരാതി കൊടുത്താല്‍ ഉടന്‍ മറുപടി കിട്ടും. എല്ലാ കടലാസുകളും ശൂ വരച്ച് ആരെയും കബളിപ്പിക്കാറില്ല.

കപടനാട്യക്കാരെ കണ്ട് ശീലിച്ചവര്‍ക്ക് പിണറായിയുടെ നേരിന്റെ ശൈലി അറിയില്ലെന്ന് ചെറിയാന്‍ ചൂണ്ടിക്കാട്ടി. അധികാര ദല്ലാളന്‍മാര്‍ക്ക് ഇപ്പോള്‍ സെക്രട്ടേറിയറ്റിന്റെ ഇടനാഴികളില്‍ പ്രവേശനമില്ല. അഴിമതി വീരന്‍മാരുടെ അഴിഞ്ഞാട്ടമില്ല, മദിരാക്ഷിമാരുടെ വിളയാട്ടമില്ല. ഇതാണോ അധികാര ധാര്‍ഷ്ട്യമെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

Top