മടങ്ങിപ്പോയത് രാഷ്ട്രീയ ധാർമ്മികത പുലർത്താതെ, സ്വീകരിച്ചവരും വെട്ടിലാകും

വസരവാദ രാഷ്ട്രീയത്തിന്റെ പ്രകടമായ രൂപമാണ് ചെറിയാന്‍ ഫിലിപ്പ്. ഇദ്ദേഹത്തെ ഇടതുപക്ഷത്തോടു സഹകരിപ്പിച്ചു എന്ന ഒരു തെറ്റുമാത്രമാണ് സി.പി.എം ചെയ്തിരിക്കുന്നത്. അതു കൊണ്ടാണ് ചെറിയാന്റെ ഈ ‘ചൊറിയുന്ന’ വാക്കുകള്‍ ഇടതുപക്ഷത്തിന് ഇപ്പോള്‍ കേള്‍ക്കേണ്ടി വന്നിരിക്കുന്നത്. ‘പൊട്ടിക്കരഞ്ഞ് കോണ്‍ഗ്രസ്സില്‍ നിന്നും 20 വര്‍ഷം മുമ്പ് ഇറങ്ങിപ്പോയ താന്‍ പൊട്ടിച്ചിരിച്ചുകൊണ്ടാണ് തിരിച്ചെത്തുന്നതെന്നാണ് ” ചെറിയാന്‍ ഫിലിപ്പിന്റെ വാദം” മാനസിക ചങ്ങല പൊട്ടിച്ചാണ് താന്‍ എ.കെ.ജി സെന്ററില്‍ നിന്നും തിരിച്ചുവരുന്നതെന്നും അവിടെ നാവ് അനക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു എന്നുമുള്ള പച്ചക്കള്ളമാണ് ചെറിയാന്‍ വിളമ്പിയിരിക്കുന്നത്.

‘നീണ്ട 20 വര്‍ഷം മാര്‍ക്‌സിസത്തെക്കുറിച്ച് പഠിച്ചുവെന്നും കിട്ടാവുന്ന മാര്‍ക്‌സിസ്റ്റ് രചനകള്‍ വായിക്കുകയും സൈദ്ധാന്തികരുമായി സംവദിക്കുകയും ചെയ്തുവെന്നും അവകാശപ്പെട്ട ഈ അവസരവാദി പാലില്‍ വെള്ളം ചേര്‍ക്കുന്നതുപോലെ സി.പി.എം മാര്‍ക്‌സിസത്തില്‍ വെള്ളം ചേര്‍ത്ത് അതിനെ ഇല്ലാതാക്കി എന്നും ആരോപിച്ചിട്ടുണ്ട്. ഇങ്ങനെ മൊഴിഞ്ഞ ചെറിയാനാണ് യഥാര്‍ത്ഥത്തില്‍ മാര്‍ക്‌സിസത്തെ കുറിച്ച് ഒരു ചുക്കും അറിയാത്തത്. ബുദ്ധി ജീവി ചമഞ്ഞത് കൊണ്ട് ആരും ബുദ്ധിജീവിയാകാറില്ല. ഇടതുപക്ഷത്തായിരുന്നപ്പോള്‍ പോലും കോണ്‍ഗ്രസ്സ് സംസ്‌കാരം കൊണ്ടു നടന്ന ചെറിയാന്‍ മാര്‍ക്‌സിസത്തെ കുറിച്ചു പഠിച്ചു എന്നു പറഞ്ഞാല്‍ അതു തന്നെ ഒരു വലിയ തമാശയാകും.

പാര്‍ലമെന്ററി വ്യാമോഹം പേറി നടക്കുന്ന മനസ്സുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നല്ല മാര്‍ക്‌സിസം. അതൊരു രീതിശാസ്ത്രമാണ്. അതായത് സകല പ്രപഞ്ച പ്രതിഭാസങ്ങളെയും നമുക്കു ചുറ്റുമുള്ള സര്‍വതിനെയും നോക്കി കാണാനുള്ള ഒരു രീതി എന്നര്‍ത്ഥം. ഏതൊരു സംഭവത്തെയും താത്വികമായി കൈകാര്യം ചെയ്യാനുള്ള അസാമാന്യമായ പാടവവും മാര്‍ക്‌സിസം മുന്നോട്ടു വയ്ക്കുന്നുണ്ട്. രാഷ്ട്രീയസംഭവങ്ങള്‍,  സാമ്പത്തികശാസ്ത്രം, പരിസ്ഥിതിവിജ്ഞാനം, ചരിത്രപഠനം, നരവംശശാസ്ത്രം, ഫെമിനിസ്റ്റ് ചിന്തകള്‍, മതതത്വശാസ്ത്രങ്ങള്‍, ധാര്‍മികമാനുഷിക മൂല്യങ്ങള്‍, ശാസ്ത്രവികാസം, കലാസാംസ്‌കാരിക വിഷയങ്ങള്‍ തുടങ്ങി … മനഃശാസ്ത്രം വരെയുള്ള മാനവവിജ്ഞാനത്തിന്റെ ഒട്ടനേകം ശാഖകളെ മാര്‍ക്‌സിസത്തിന് അതിന്റേതായ രീതിയില്‍ വിശദീകരിക്കാന്‍ കഴിയുന്നത് തന്നെ അതിന്റെ സര്‍ഗാത്മകതയുടെ ഏറ്റവും വലിയ തെളിവാണ്.

യുക്തിരഹിതമായ ആചാരങ്ങളും വിശ്വാസങ്ങളും ഭാവനാകഥകളും വീരത്വം തുളുമ്പുന്ന കഥാപാത്രങ്ങളും ഒക്കെ നിറഞ്ഞ് വര്‍ണാഭമായ ഒന്നല്ല മാര്‍ക്‌സിസം. അത് മനുഷ്യനെ മനുഷ്യനായി കാണുന്ന മാറ്റങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന, ഏതൊരുകാര്യത്തെയും വിമര്‍ശനബുദ്ധിയോടെ പഠിക്കാന്‍ ആവശ്യപ്പെടുന്ന, വലിയ ചിന്താപദ്ധതിയാണ്. അതുകൊണ്ടാണ് മാര്‍ക്‌സിസത്തെ ഒരു ശാസ്ത്രമായി വിലയിരുത്തപ്പെടുന്നത്. ഇതൊന്നും പറഞ്ഞാല്‍ ചെറിയാന്‍ ഫിലിപ്പിനു മനസ്സിലാകുകയില്ല. ഒരു എം.എല്‍.എയും എം.പിയും മന്ത്രിയും ഒക്കെ ആകുന്നതാണ് ജീവിതത്തിലെ വലിയ കാര്യമെന്ന് വിശ്വസിക്കുന്നവരുടെ രീതി ശാസ്ത്രം തന്നെ വേറിട്ടതാണ്. അതാകട്ടെ അധികാരമോഹത്താല്‍ കേന്ദ്രീകരിക്കപ്പെട്ടതുമാണ്.

ഇടതുപക്ഷത്ത് എത്തിയ ചെറിയാന്‍ ഫിലിപ്പിന് സി.പി.എം നല്‍കിയ പരിഗണന ഏറെ വലുതാണ്. മറ്റു പാര്‍ട്ടികളില്‍ നിന്നും വന്ന ആര്‍ക്കും നല്‍കുന്നതിനേക്കാള്‍ മുന്തിയ പരിഗണന ആയിരുന്നു ഇത്. മൂന്നു തവണയാണ് ഇടതുപക്ഷം നിയമസഭാ സീറ്റു നല്‍കി ചെറിയാന്‍ ഫിലിപ്പിനെ മത്സരിപ്പിച്ചിരുന്നത്. ഈ തിരഞ്ഞെടുപ്പുകളില്‍ എല്ലാം അദ്ദേഹം പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു ഇടതുപക്ഷത്തെ മാത്രം പഴിചാരിയിട്ട് ഒരു കാര്യവുമില്ല. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ചെറിയാന്‍ ഫിലിപ്പിന്റെ വ്യക്തിത്വം സ്വീകരിക്കപ്പെടാതെ പോയതും തിരിച്ചടിക്ക് ഒരു പ്രധാന കാരണമാണ്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ചുവടുകള്‍ പിഴച്ചിട്ടും ചെറിയാനെ സി.പി.എം കൈവിട്ടിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രണ്ട് ഇടതുപക്ഷ സര്‍ക്കാറുകളുടെ കാലത്തും നല്‍കിയിരുന്നത്. പിന്നിട് നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പദവിയും ഏറ്റവും ഒടുവില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവിയും ചെറിയാന്‍ ഫിലിപ്പിനു നല്‍കുകയുണ്ടായി. ഈ പരിഗണനകളെല്ലാം മറന്നാണ് സി.പി.എമ്മിനെ ഇപ്പോള്‍ ചെറിയാന്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്.

ഏതു ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരം നേടുക എന്നതു മാത്രമാണ് സി.പി.എം ലക്ഷ്യമെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. ‘ഏത് ചെകുത്താനെയാണ് ‘ സി.പി.എം കൂട്ടുപിടിച്ചതെന്ന് തിരിച്ചു ചോദിച്ചാല്‍ അത് ചെറിയാന്‍ ഫിലിപ്പിനു നേരെയാണ് വിരല്‍ ചൂണ്ടപ്പെടുക എന്നതും ശരിക്കും ഓര്‍ത്തു കൊള്ളണം. കോണ്‍ഗ്രസിനെ ഒരു ജലദോഷം മാത്രമാണ് ബാധിച്ചതെന്നും സി.പി.എമ്മിനെ ബാധിച്ചിരിക്കുന്നത് മാരകമായ രക്താര്‍ബുധമാണെന്നും പറയുന്ന ചെറിയാന്റെ സമനിലക്കും കാര്യമായ എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ ‘ഭാവി’ കണ്ട് മടങ്ങിയ ഈ വീരശൂര പരാക്രമിക്ക് അവശേഷിക്കുന്ന കാലം കെ.പി.സി.സി ഓഫീസിലെ വട്ടമേശയില്‍ തന്നെ ഇനി കഴിയേണ്ടി വരും. അതിനു അപ്പുറമുള്ള ഒരു പരിഗണന കോണ്‍ഗ്രസ്സും നല്‍കാന്‍ സാധ്യതയില്ല.

സ്ഥാനമോഹികളെ കൊണ്ട് വീര്‍പ്പുമുട്ടുകയാണ് നിലവില്‍ കോണ്‍ഗ്രസ്സ്. സംഘടനാ തിരഞ്ഞെടുപ്പോടെ ഇനി നടക്കാന്‍ പോകുന്നതാകട്ടെ കൂട്ടത്തല്ലുമാണ്. അതിനിടക്ക് ‘ചൊറിയാനായി’ ചെറിയാന്‍ കൂടി വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്യുക. ഇക്കാര്യം ഇപ്പോള്‍ തന്നെ ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കളും ചൂണ്ടിക്കാട്ടുന്നുണ്ട്. പുതിയ നേതൃമാറ്റത്തോടെ കെ.പി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെ സി.പി.എമ്മിലേക്ക് ചേക്കേറുന്ന പശ്ചാത്തലത്തില്‍ ഒരു ‘പ്രതിരോധം’ എന്ന നിലക്കു മാത്രമാണ് ചെറിയാനെ കോണ്‍ഗ്രസ്സ് സ്വീകരിച്ചിരിക്കുന്നത്. അതിനപ്പുറം ഒരു പരിഗണനയും അദ്ദേഹത്തിന് ലഭിക്കാന്‍ ഒരു സാധ്യതയുമില്ല. അതു തന്നെയാണ് യാഥാര്‍ത്ഥ്യവും….

EXPRESS KERALA VIEW

Top