Cherian Philip’s apology for Karunakaran

കോട്ടയം: 1995ല്‍ കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അട്ടിമറിച്ചതില്‍ പങ്കാളിയായതിന് ഫേസ്ബുക്കിലൂടെ മാപ്പപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ്. കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷിക ദിനമായ ഇന്നാണ് ചെറിയാന്‍ ഫിലിപ്പ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും അന്നത്തെ ഗ്രൂപ്പ് പോരിലെ ആകത്തുകയായ ഹീനകൃത്യത്തിന്റെ കുറ്റബോധം തന്നെ വേട്ടയാടുന്നു എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

10615964_503746713133424_4696663160536217494_n

(ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം)

ഇന്ന് ലീഡര്‍ കെ കരുണാകരന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനമാണ് 1995 ല്‍ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അട്ടിമറിച്ച ഹീനവൃത്തിയില്‍ ഭാഗികമായി പങ്കാളിയാകേണ്ടി വന്നതില്‍ പരസ്യമായി മാപ്പ് അപേക്ഷിക്കുന്നു. ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും ഈ അപരാധത്തില്‍ കുറ്റബോധം എന്നെ വേട്ടയാടുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തില്‍ ക്ഷമാപണത്തിന് മുതിരുന്നത് .

1994-95 കാലഘട്ടത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി കോണ്‍ഗ്രസിലെ ‘എ’ വിഭാഗം കരുണാകരനെ ചാരനായും രാജ്യദ്രോഹിയായും ചിത്രീകരിച്ചാണ് ജനമദ്ധ്യത്തില്‍ താറടിച്ചത്. മുഖ്യമന്ത്രി കരുണാകരനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്റിനു കുറ്റപത്രം സമര്‍പ്പിക്കുകയും, രാജി വെക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് നാടുനീളെ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തവര്‍ക്ക് ഇപ്പോഴെങ്കിലും മനസ്താപം ഉണ്ടാകേണ്ടതാണ്.

കരുണാകരപക്ഷത്ത് ഉണ്ടായിരുന്ന ഏഴു എം എല്‍ എ മാരെ അടര്‍ത്തിയെടുത്ത് നിയമസഭകക്ഷിയില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുത്തിയതിന്റെ പിന്നിലെ കുതിരക്കച്ചവടം അധാര്‍മികവും നീചവും ആയിരുന്നു. ഞാന്‍ ചെയ്ത കാര്യങ്ങള്‍ 1998 ല്‍ ലീഡറോട് തുറന്നു പറയുകയും, പ്രായശ്ചിത്തമെന്നോണം ലോകസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് അദ്ദേഹത്തെ ജയിപ്പിക്കാന്‍ കഠിനയത്‌നം നടത്തുകയും ചെയ്തിരുന്നു . പിന്നീട് മരണം വരെ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സ്ഥാനം നേടി. കെ കരുണാകരനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്കു മുമ്പില്‍ ദുഖഭാരത്തോടെ തല കുനിക്കുന്നു

Top