ചെറിയാന്‍ ഫിലിപ്പിന്റെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ നിയമനം റദ്ദാക്കി

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിന്റെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ നിയമനം റദ്ദാക്കി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിച്ച ഉത്തരവാണ് റദ്ദാക്കിയത്. പദവി വേണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.പുസ്തക രചനയുടെ തിരക്കിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചെറിയാന്‍ ഫിലിപ്പിന്റെ പിന്മാറല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഖാദി വില്‍പനയും ചരിത്ര രചനയും ഒരുമിച്ച് നടത്താന്‍ പ്രയാസമാണെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

അതിനിടെ, ഇന്നലെ സര്‍ക്കാരിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. ദുരന്ത നിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

2018,19 എന്നീ വര്‍ഷങ്ങളിലെ പ്രളയത്തില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ പഠിച്ചതാണ്. നെതര്‍ലണ്ട് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടര്‍ നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ല.അറബിക്കടലിലെ ന്യൂനമര്‍ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കില്‍ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയില്‍ ആകുമായിരുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

Top