തെറ്റുപറ്റി, ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്തം തനിക്ക്; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് ഉമ്മന്‍ചാണ്ടി. അന്നും ഇന്നും ചെറിയാന്‍ ഫിലിപ്പിനോട് തനിക്ക് വിദ്വേഷമില്ലെന്നും ഉമ്മന്‍ചാണ്ടി കേരള സഹൃദയ വേദിയുടെ അവുക്കാദര്‍കുട്ടി നഹ പുരസ്‌കാരദാന ചടങ്ങില്‍ പറഞ്ഞു.

‘ 20 വര്‍ഷത്തിന് ശേഷം സമാനമായ ചിന്താഗതിയില്‍ ഒരേ വേദിയില്‍ നില്‍ക്കുകയാണ്. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടേണ്ടിവന്നതില്‍ തനിക്ക് തെറ്റുപറ്റിയിട്ടുണ്ട്. ചെറിയാന്‍ ഫിലിപ്പിനോട് വിദ്വേഷവും വിരോധവുമില്ല. പക്ഷേ എന്തോ ഒരു തെറ്റ് എന്റെ ഭാഗത്തുനിന്നുണ്ടായി. രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ല. അദ്ദേഹത്തിന്റെ അകല്‍ച്ച ആത്മപരിശോധനയ്ക്കുള്ള അവസരമാണ്. ചെറിയാനെ പോലെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്ക് ജയിച്ചുവരാന്‍ സാധിക്കുന്ന ഒരു സീറ്റ് കൊടുക്കാന്‍ എനിക്ക് സാധിക്കാതെ പോയി. ഉമ്മന്‍ചാണ്ടി വേദിയില്‍ പ്രതികരിച്ചു.

അതേസമയം മുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടിയുടെ രക്ഷകര്‍തൃത്വം തന്റെ ജീവിതം മുഴുവന്‍ ഉണ്ടാകണമെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം. ‘മക്കള്‍ എന്തുതെറ്റ് ചെയ്താലും മാതാപിതാക്കള്‍ ക്ഷമിക്കും. ആ മനസാണ് ഉമ്മന്‍ചാണ്ടിയുടേത്. അദ്ദേഹത്തിന്റെ രക്ഷകര്‍തൃത്വം ജീവിതം മുഴുവന്‍ ഉണ്ടാകണം. കേരളത്തിലെ ഓരോ മുഖ്യമന്ത്രിക്കും ഓരോ സവിശേഷതകളുണ്ടെങ്കിലും ജനങ്ങളോട് അത്രയേറെ ഇടപഴകിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാത്രമാണ്’. ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

Top