തന്റെ വലത്തേ നെഞ്ചില്‍ ആന്റണിയും ഇടത്തേ നെഞ്ചില്‍ പിണറായിയുമാണെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ടിട്ട് വര്‍ഷങ്ങളായെങ്കിലും പ്രവര്‍ത്തകര്‍ക്കിന്നും താന്‍ പ്രിയപ്പെട്ടവനാണെന്ന് ചെറിയാന്‍ ഫിലിപ്പ്.

എ.കെ. ആന്റണി തന്നെയാണ് രാഷ്ട്രീയ ഗുരു. എപ്പോഴും അദ്ദേഹത്തിന് എന്റെ വലത്തേ നെഞ്ചിലൊരു സ്ഥാനമുണ്ടാകും. കോണ്‍ഗ്രസ് വിട്ടിറങ്ങിയപ്പോള്‍ എന്നെ സ്വീകരിച്ചയാളാണ് പിണറായി വിജയന്‍. അദ്ദേഹം എന്റെ ഇടത്തേ നെഞ്ചിലുമുണ്ട്’ അദ്ദേഹം പറഞ്ഞു.

ഭാരത് സേവക് സമാജിന്റെ പ്രഥമ എം.എം. ജേക്കബ് പുരസ്‌കാരം സ്വീകരിച്ച്‌കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി ആണ് ചെറിയാന്‍ ഫിലിപ്പിന് പുരസ്‌കാരം നല്‍കിയത്.

ആന്റണിയെപ്പോലെ ജനനന്മ ആഗ്രഹിക്കുന്ന പൊതുപ്രവര്‍ത്തകനെ കണ്ടിട്ടില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയും ലാളിത്യവുമാണ് ആകര്‍ഷിച്ചത്. എന്റെ ജീവിതത്തില്‍ അംഗീകാരങ്ങളൊന്നും തേടിയെത്തിയിട്ടില്ലെന്ന് ആന്റണി പറഞ്ഞത് ഒരു ക്ഷമാപണമായി കരുതുന്നു. ആത്മാഭിമാനത്തിന് മുറിവേറ്റതിനാലാണ് കോണ്‍ഗ്രസ് വിട്ടത്. പതിനെട്ട് വര്‍ഷത്തിനിടെ ആഴ്ചയിലൊരിക്കലെങ്കിലും ആന്റണിയുമായി ബന്ധപ്പെടാറുണ്ടെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.

‘ചെറിയാന്‍ ഫിലിപ്പിനെ ആദരിക്കുമ്പോള്‍ എനിക്കെങ്ങനെ വരാതിരിക്കാനാകും. എന്തൊക്കെ അനാരോഗ്യങ്ങളും തിരക്കുകളുമുണ്ടെങ്കിലും ഞാനെത്തും. ഒന്നും നേടാത്ത നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനാണ് ചെറിയാന്‍ ഫിലിപ്പ്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചെങ്കിലും എന്നും എന്നോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നയാളാണ് ചെറിയാന്‍. അദ്ദേഹത്തെ തേടി കൂടുതല്‍ അവസരങ്ങള്‍ എത്തട്ടെ’ – ആന്റണി ആശംസിച്ചു.

Top