പ്രേമം ഓട്ടോഗ്രാഫിന്റെ കോപ്പിയടിയെന്ന് ചേരനോട് ഒരു മലയാളി സംവിധായകന്‍ പറഞ്ഞു; അല്‍ഫോണ്‍സ് പുത്രന്‍

നിവിന്‍ പോളി അല്‍ഫോന്‍സ് പുത്രന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു പ്രേമം. ഇപ്പോഴിതാ ഈ സിനിമ തമിഴ് സിനിമ ഓട്ടോഗ്രാഫിന്റെ കോപ്പിയടിയാണെന്ന് സംവിധായകന്‍ ചേരനെ വിളിച്ച് ഒരു മലയാളി സംവിധായകന്‍ പറഞ്ഞുവെന്ന് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ആ മലയാളി സംവിധായകനായുള്ള തിരച്ചിലിലാണ് താനെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും അല്‍ഫോന്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഈ വിവരമറിഞ്ഞ ശേഷം ചേരന്‍ തന്നെ വിളിച്ച് ശകാരിച്ചെന്നും എന്നാല്‍ താനങ്ങനെ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞെന്നും അല്‍ഫോന്‍സ് പുത്രന്‍ പങ്കുവക്കുന്നു.

അല്‍ഫോന്‍സ് പുത്രന്റെ കുറിപ്പ് ഇങ്ങനെ

കേരളത്തില്‍ നിന്നൊരു സംവിധായകന്‍: ഓട്ടോഗ്രാഫ്, പൊക്കിഷം, തവമായ് തവമിരുന്താല്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ചേരന്‍ സാറിനെ വിളിച്ചു

കേരളത്തില്‍ നിന്നുള്ള സംവിധായകന്‍: നിങ്ങളുടെ ഓട്ടോഗ്രാഫ് സിനിമ കോപ്പിയടിച്ച് അല്‍ഫോന്‍സ് പുത്രന്‍ പുതിയ സിനിമ ഇറക്കിയത് അറിഞ്ഞോ

ചേരന്‍ സര്‍: അതെയോ (ഫോണ്‍ കട്ട് ചെയ്തു). എന്നെ വിളിച്ച് ഒരു കാര്യവുമില്ലാതെ കുറേ വഴക്ക് പറഞ്ഞു.

സര്‍ ഞാനൊരു ഫ്രെയിമോ ഒരു ഡയലോഗോ ഒരു തരി സംഗീതമോ വസ്ത്രമോ ഒരു വാക്കോ പോലും നിങ്ങളുടെ ഓട്ടോഗ്രാഫില്‍ നിന്ന് കോപ്പിയടിച്ചിട്ടില്ല. കാരണം എനിക്ക് ആ സിനിമ അത്രയ്ക്ക് ഇഷ്ടമാണ്. ഞാന്‍ പറഞ്ഞത് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം ഫോണ്‍ വച്ചു.

അഞ്ച് മാസം കഴിഞ്ഞ് ഞാന്‍ ചേരന്‍ സറിനെ വിളിച്ചു. സര്‍ അന്ന് അങ്ങനെ സാറിനെ വിളിച്ച് പറഞ്ഞ സംവിധായകന്‍ ആരാണ് അത് വിട്ടുകളയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എനിക്കതിന് കഴിയില്ലല്ലോ. അതുകൊണ്ടാണ് ഇക്കാര്യം ഇപ്പോള്‍ ഇവിടെ പറയുന്നത്. മാധ്യമങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ എന്നെ സഹായിക്കാനാകുമെങ്കില്‍ സഹായിക്കൂ, സത്യം അറിയാന്‍ എനിക്ക് സാധിക്കണേയെന്നാണ് പ്രാര്‍ഥന.

അല്‍ഫോന്‍സ് പുത്രന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ചിലര്‍ അതൊന്നും കാര്യമാക്കേണ്ട മുന്നോട്ട് പോകൂ എന്ന് പറയുമ്പോള്‍ ചിലര്‍ രണ്ട് സിനിമകളുടെ പ്രമേയത്തിലെ സാമ്യതയും ചൂണ്ടിക്കാട്ടുന്നു.

Top