ഗവര്‍ണറും സര്‍ക്കാരും ഒത്തുകളിക്കുന്നു; നോട്ടീസ് തള്ളിയതിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയ നോട്ടീസ് തള്ളിയതിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്യോപദേശക സമിതിയാണ് ചെന്നിത്തലയുടെ നോട്ടീസ് തള്ളിയത്. നോട്ടീസ് ചട്ടപ്രകാരമല്ലെന്നായിരുന്നു കാര്യോപദേശക സമിതിയുടെ വാദം.

അതേസമയം നോട്ടീസ് ചട്ടപ്രകാരം തന്നെയാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷ നേതാവ്. മാത്രമല്ല ഗവര്‍ണരും സര്‍ക്കാരും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സംസാരിച്ചത് നോട്ടീസിനെ പിന്തുണച്ചായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്യോപദേശക സമിതിയോഗത്തില്‍ സ്പീക്കറെ തള്ളിപ്പറയുകയാണ് പാര്‍ലമെന്ററി കാര്യമന്ത്രി എകെ ബാലന്‍ ചെയ്തത്. ഗവര്‍ണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്ന് പിണറായി വിജയന്‍ മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയതിന്റെ കീഴ് വഴക്കവും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെന്നും നോട്ടീസ് പരിഗണിച്ച സ്പീക്കറെ പോലും തള്ളിയാണ് നിയമമന്ത്രി നിലപാടെടുത്തതെന്നും ചെന്നിത്തല പ്രതികരിച്ചു. പ്രമേയം പാസായാല്‍ ഭരണ പ്രതിസന്ധിയുണ്ടാകുമെന്ന സര്‍ക്കാര്‍ വാദം വിചിത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാത്രമല്ല ഈ വിഷയം വീണ്ടും അവതരിപ്പിക്കുമെന്നും തങ്ങള്‍ക്ക് ഇത് തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Top