ബിജു രമേശിന് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസ്; പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം

 

തിരുവനന്തപുരം: തനിക്കെതിരെ അപകീര്‍ത്തി പ്രസ്താവന നടത്തിയ ബാറുടമ ബിജു രമേശ് പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചു. മുന്‍ പോസിക്യൂഷന്‍ ജനറല്‍ അഡ്വ.ടി. അസഫ് അലി മുഖാന്തിരമാണ് നോട്ടീസ് നല്‍കിയത്.

50 വര്‍ഷമായി നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവരുന്ന രമേശ് ചെന്നിത്തലയ്ക്ക് ബിജു രമേശിന്റെ വാസ്തവ വിരുദ്ധമായ പ്രസ്താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറത്താണെന്നും, ആയതിനാല്‍ പ്രസ്തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ സിവില്‍ ആയും ക്രിമിനലായും കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് നല്‍കിയ 164 സ്റ്റേറ്റ്‌മെന്റിനോടൊപ്പം ഹാജരാക്കിയ സി.ഡി.യിലും തനിക്കെതിരേ ഇത്തരത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിജു രമേശ് സമര്‍പ്പിച്ച ഈ സി.ഡി. വ്യാജമെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ബിജു രമേശ് ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്താവന അപകീര്‍ത്തികരമാണ്. ഈ പ്രസ്താവന പൂര്‍ണ്ണമായും പിന്‍വലിച്ച് മാപ്പു പറയണമെന്ന് നോട്ടീസില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.

Top