Chennithala’s facebook post against Thomas Issac

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി മുഴുവന്‍ തകര്‍ത്തുവെന്നത് ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ വ്യാജ പ്രചരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക്കിനെതിരെ ചെന്നിത്തല രംഗത്ത് വന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മൂലം റവന്യു വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ലന്നും നികുതിപിരിവില്‍ ചോര്‍ച്ചയുണ്ടായെന്നുമുള്ള ആരോപണമാണ് തോമസ് ഐസക്കിന്റേത്. ഈ വാദത്തിന് യാതൊരു കഴമ്പുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആഗോള സാമ്പത്തിക മാന്ദ്യം, നാണ്യവിളകളുടെ വില ഇടിവ്, പ്രത്യേകിച്ച് റബറിന്റെ വില ഇടിവ് തുടങ്ങിയ സൃഷ്ടിച്ച ഗുരുതരമായ കാര്‍ഷിക തകര്‍ച്ച, നിര്‍മാണ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തകര്‍ച്ച, എണ്ണ വിലയിടിവ്. ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധിമൂലം പ്രവാസികളുടെ വരുമാനത്തില്‍ വന്ന ഗണ്യമായ കുറവ് തുടങ്ങിയ സംസ്ഥാനത്തെ നികുതി വരുമാനത്തില്‍ വലിയ ഇടവുണ്ടാക്കിയിട്ടുണ്ടെന്നും ഈ യാഥാര്‍ത്ഥ്യം ബോധപൂര്‍വ്വം മറച്ച് വയ്കുകയാണ് ധനകാര്യമന്ത്രിയെന്നും ചെന്നിത്തല ആരോപിച്ചു.

(ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ…)

യു ഡി എഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി മുഴുവന്‍ തകര്‍ത്തെന്ന വ്യാജ പ്രചരണവുമായി ധനകാര്യമന്ത്രി തോമസ് ഐസക് രംഗത്തുവന്നിരിക്കുകയാണല്ലോ. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മൂലം റവന്യു വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ലന്നും നികുതിപിരിവില്‍ ചോര്‍ച്ചയുണ്ടായെന്നുമുള്ള ആരോപണമാണ് അദ്ദേഹമുയര്‍ത്തുന്നത്.

ഈ വാദത്തിന് യാതൊരു കഴമ്പുമില്ല. ആഗോള സാമ്പത്തിക മാന്ദ്യവും, നാണ്യവിളകളുടെ വില ഇടിവ്, പ്രത്യേകിച്ച് റബറിന്റെ വില ഇടിവ് സൃഷ്ടിച്ച ഗുരുതരമായ കാര്‍ഷിക തകര്‍ച്ച, നിര്‍മാണ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തകര്‍ച്ച, എണ്ണ വിലയിടിവ്. ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധിമൂലം പ്രവാസികളുടെ വരുമാനത്തില്‍ വന്ന ഗണ്യമായ കുറവ് തുടങ്ങിയ സംസ്ഥാനത്തെ നികുതി വരുമാനത്തില്‍ വലിയ ഇടവുണ്ടാക്കിയിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യം ബോധപൂര്‍വ്വം മറച്ച് വയ്കുകയാണ് ധനകാര്യമന്ത്രി.

അഴിമതിയാണ് പ്രശ്‌നമെങ്കില്‍ അഴിമതി ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കിയാല്‍ മതിയല്ലോ, അഴിമതിയെന്ന് വെറുതെ പറഞ്ഞ്‌കൊണ്ടിരുന്നാല്‍ പോരെ എന്ത് അഴിമതി, എപ്പോള്‍ നടന്ന അഴിമതി, അതുവഴി ഉണ്ടായ നികുതി ചോര്‍ച്ച എത്ര എന്നൊക്കെ വിശദമാക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. അല്ലാതെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും, രാഷ്ട്രീയ പ്രേരിതവുമാണ്.

പ്രതിസന്ധി വളരെ വലുതാണെന്നും എന്തെങ്കിലും മാറ്റമുണ്ടാകണമെങ്കില്‍ 201920 വരെ കാത്തിരിക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നുവച്ചാല്‍ ഉണ്ടെന്ന് പറയുന്ന ധനപ്രതിസന്ധി പരിഹരിക്കാന്‍ തനിക്ക് തല്‍ക്കാലം കഴിയില്ലന്നും കാലക്രമേണ അത് മാറിക്കൊള്ളുമെന്നാണ് തോമസ് ഐസക് പറയുന്നത്. വരുന്ന മൂന്ന് നാല് വര്‍ഷം തനിക്ക് നിഷ്‌ക്രിയനായിരിക്കാന്‍ മാത്രമെ കഴിയു എന്ന കുറ്റ സമ്മതം കൂടിയാണ് തോമസ് ഐസക് ഇവിടെ നടത്തുന്നത്. പ്രശ്‌നങ്ങള്‍ തനിയെ പരിഹരിക്കപ്പെടുമെന്നുള്ള മനോഭാവം ഒരു നല്ല ഭരണാധികാരിയോടേതല്ല. പ്രതിസന്ധികളെല്ലാം തനിയെ പരിഹരിക്കപ്പെടുകയാണെങ്കില്‍ പിന്നെ മന്ത്രിമാരും, മന്ത്രി സഭകളുമെന്തിന്.

പ്രതിസന്ധി മറികടക്കാനെന്ന പേരില്‍ ധനമന്ത്രി അവതരിപ്പിക്കുന്നത് മുഴുവന്‍ ഉട്യോപ്യന്‍ ആശയങ്ങളാണെന്നതാണ് അതിലേറെ രസകരം.സര്‍ക്കാരിന് വികസന പ്രവര്‍ത്തനം നടത്താന്‍ പത്ത് പൈസയില്ലന്നും, അമ്പതിനായിരം കോടി രൂപ അഞ്ചുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയും സര്‍ക്കാര്‍ ബാങ്ക് സ്ഥാപിച്ചും, ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകള്‍ വഴിയും സമാഹരിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.

എന്നാല്‍ ഇത് പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുമോ എന്ന് സംശമാണ്. നിത്യനിദാന ചിലവുകള്‍ക്ക് പണമില്ലാത്ത സര്‍ക്കാരിന് അതിന്റെ സ്ഥാപനങ്ങള്‍ക്ക് എങ്ങിനെ പണം നല്‍കാന്‍ കഴിയും. പുതിയ ബാങ്കു രൂപീകരിക്കുമെന്ന് പറയുന്നു. അതിന് റിസര്‍വ്വ് ബാങ്കിന്റെ അനുമതി ലഭിക്കാനും, പ്രവര്‍ത്തനം തുടങ്ങാനും എത്രയോ വര്‍ഷങ്ങള്‍ വേണ്ടി വരും. ഇതിന്റെയൊക്കെ പിന്നിലുള്ള പ്രായോഗികമായ ബുദ്ധിമുട്ടുകളെക്കുറിച്ച് ധനമന്ത്രി മിണ്ടുന്നേയില്ല. പണ്ടും അപ്രായോഗികമായ ആശയങ്ങളുടെ തടവുകാരനാണ് ധനമന്ത്രി.

കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് ഡാമില്‍ നിന്ന് മണല്‍ വാരിവിറ്റ് ധനസ്ഥിതി മെച്ചമാക്കാന്‍ ശ്രമിച്ചതും, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ സന്നദ്ധ സേവനവും സംഭാവനയും സ്വീകരിച്ച് ധനസ്ഥിതിയും പദ്ധതി നടത്തിപ്പും മെച്ചപ്പെടുത്താന് ശ്രമിച്ചതും സമ്പൂര്‍ണ്ണ പരാജയമായി മാറി.

അപ്പോള്‍ ഇതില്‍ നിന്നൊരു കാര്യം പകല്‍ പോലെ വ്യക്തമാകുന്നു. യു ഡി എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച എല്ലാ ജനക്ഷേമ പ്രവര്‍ത്തനങ്ങളെയും അട്ടിമറിക്കുക എന്ന ഗൂഡലക്ഷ്യം മാത്രം മുന്‍ നിര്‍ത്തിയാണ് ധനസ്ഥിതി തകര്‍ന്നുവെന്ന നിരന്തരമായ പ്രചരണം ധനമന്ത്രിയടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടക്കുന്നത്. 20062011 കാലത്ത് ഇടതുമുന്നണി സര്‍ക്കാര്‍ 12.9 ലക്ഷം പേര്‍ക്കാണ് ക്ഷേപെന്‍ഷനുകള്‍ അനുവദിച്ചിരുന്നെതെങ്കില്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ 37.82 ലക്ഷം ആളുകള്‍ക്കാണ് ക്ഷേമ പെന്‍ഷനുകള്‍ അനുവദിച്ചത്. ധനപ്രതിസന്ധിയുടെ പേരില്‍ അവയുടെ വിതരണം മുടക്കി, പാവപ്പെട്ടവരെ വഴിയാധാരമാക്കുകയാണ് ഇടതു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.

യു ഡി എഫ് സര്‍ക്കാര്‍ ഗവര്‍ണമെന്റ് ജീവനക്കാരുടെയും ശമ്പളവും, പെന്‍ഷനും പരിഷ്‌കരിച്ചു. ഇത് 2016 ഏപ്രില്‍ മുതല്‍ നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ പെന്‍ഷന്‍കാരുടെ പുതിക്കിയ നിരക്കിലുള്ള പെന്‍ഷന്‍ ഇതൂവരെ വിതരണം ചെയ്യാനുള്ള നടപടികള്‍ എടുത്തട്ടില്ല. ധനപ്രതിസന്ധി പറഞ്ഞ് പെന്‍ഷന്‍ വര്‍ധന തല്‍ക്കാലം തടഞ്ഞുവച്ചിരിക്കുകയാണ്.

അഞ്ചാം ധനകാര്യ ശുപാര്‍ശകളെ തുടര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ പ്രതിമാസ ഓണറേറിയം ഇരട്ടിയാക്കാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ നിര്‍ദേശവും തടഞ്ഞുവച്ചിരിക്കുകയാണ്. 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 21905 പ്രതിനിധികളുടെ പ്രതിമാസ ഓണറേറിയമാണ് മരവിപ്പിച്ചിരിക്കുന്നത്.

ഓണറേറിയം വര്‍ധന
ഗ്രാമ പഞ്ചായത്തംഗം നിലവില്‍്3500 വര്‍ധിപ്പിച്ചത് 7000
ബ്‌ളോക്ക് പഞ്ചായത്തംഗം നിലവില്‍ ്3800 വര്‍ധിപ്പിച്ചത് 7600
ജില്ലാ പഞ്ചായത്തംഗം നിലവില്‍ ് 4400 വര്‍ധിപ്പിച്ചത് 8500
മുനിസിപ്പല്‍ കൗണ്‍സിലര്‍ നിലവില്‍ 3800 വര്‍ധന 7600
കോര്‍പ്പറേഷന്‍ കൗണ്‍സില്‍ നിലവില്‍ 4100 വര്‍ധന 8200

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം ഓരോ അഞ്ചു വര്‍ഷക്കാലത്തേക്ക് നല്‍കാന്‍ ശുപാര്‍ശ ചെയ്യേണ്ടത് സംസ്ഥാ ധനകാര്യ കമ്മീഷനാണ്. അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കേണ്ടതുമാണ്.

എന്നാല്‍തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ ധനസഹായം നിഷേധിക്കുക എന്ന ദുരദ്ദേശവും ധന പ്രതിസന്ധിയെന്ന ആരോപണത്തിന് പിന്നിലുണ്ട്. ഭരണ ഘടന സ്ഥാപനമായ സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകളെപ്പോലും അട്ടിമറിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാനപനങ്ങളെ നിര്‍ജ്ജീവമാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

ധനക്കമ്മിയും, റവന്യു കമ്മിയും കുറച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികള്‍ വേണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. റവന്യു കമ്മി നികത്താന്‍ വായ്പയെടുക്കില്ലായെന്ന് ധനമന്ത്രി പറയുന്നു. ആസ്തികള്‍ സൃഷ്ടിക്കാനേ വായ്പ ഉപയോഗിക്കുവെന്നതില്‍ ധനമന്ത്രി ഉറച്ചു നില്‍ക്കുമോ?
ധന പ്രതിസന്ധിയെന്ന അടിസ്ഥാന രഹിതമായ ആരോപണമുയര്‍ത്തി യു ഡി എഫ് സര്‍ക്കാര്‍ തുടങ്ങി വച്ച എല്ല നല്ലകാര്യങ്ങളും തകര്‍ത്തെറിയാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇതോടെ വ്യക്തമാകുന്നു. എന്നാല്‍ ഇത്തരം കുപ്രചരണങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Top