ടി.പി കേസിൽ ആവശ്യപ്പെട്ടിട്ടും ഫോൺ രേഖകൾ ലഭിച്ചില്ലെന്ന് പറയുന്ന ചെന്നിത്തല , തുറന്നു കാട്ടിയത് കോൺഗ്രസ്സ് സർക്കാറിന്റെ കഴിവുകേട്

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ‘മാസ്റ്റര്‍ ബ്രയിന്‍’ പിണറായി വിജയനാണെന്നാണ്, മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ രമേശ് ചെന്നിത്തല ഇപ്പോള്‍ ആരോപിച്ചിരിക്കുന്നത്. കേസില്‍ ഫോണ്‍കോള്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും കിട്ടിയിരുന്നില്ലന്നും , അതാണ് ഗൂഢാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നതെന്നും ചെന്നിത്തല പറയുകയുണ്ടായി. ആവശ്യപ്പെട്ടിട്ടും മൊബൈല്‍ കമ്പനികളുടെ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ , ആവശ്യമായ വിവരങ്ങള്‍ കൈമാറിയില്ലന്ന് അന്നത്തെ ആഭ്യന്തര മന്ത്രി പറയുമ്പോള്‍ , സ്വാഭാവികമായും ചില ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറയേണ്ടതുണ്ട്.

 

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും , കോണ്‍ഗ്രസ്സ് നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയും ആയിരിക്കെയാണ് , ടി. പി ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ടിരിക്കുന്നത്. മനസാക്ഷിയുള്ള ആര്‍ക്കും തന്നെ , ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ക്രൂരമായ കൊലപാതകമാണത്. അക്കാര്യത്തില്‍ , രാഷ്ട്രീയ കേരളത്തിനും സംശയമില്ല. ഈ കൃത്യത്തില്‍ പങ്കെടുത്തവരെല്ലാം തന്നെ , ഇപ്പോഴും അഴിക്കുള്ളിലാണ്. അവരെ പിന്തുടര്‍ന്ന് പിടികൂടിയതും , കോണ്‍ഗ്രസ്സിന്റെ പൊലീസാണ്. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററെയും വളഞ്ഞിട്ട് പിടികൂടിയതും , ഗൂഢാലോചന കുറ്റം ചുമത്തി ജയിലിലടച്ചതും , ഇതേ കോണ്‍ഗ്രസ്സിന്റെ പൊലീസ് തന്നെയാണ്. ഒടുവില്‍ തെളിവില്ലന്ന് കണ്ട് അദ്ദേഹത്തെ വെറുതെ വിട്ടത് , ബഹുമാനപ്പെട്ട വിചാരണ കോടതിയാണ്. ഹൈക്കോടതി പോലും , മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ട നടപടി റദ്ദാക്കിയിട്ടില്ലന്നതും , ഓര്‍ക്കേണ്ടതുണ്ട്.

ഉപ്പ് തിന്നവര്‍ ആരായാലും , വെള്ളം കുടിക്കുക തന്നെ വേണം. അതായത് , ടി.പി.യെ കൊന്നവരും കൊല്ലിച്ചവരും അഴിക്കുള്ളില്‍ അടക്കപ്പെടേണ്ടതു തന്നെയാണ്. ഇക്കാര്യത്തില്‍ , മുന്‍ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്‍ സ്വീകരിച്ച നിലപാടു തന്നെയാണ് , ഞങ്ങള്‍ക്കും പറയാനുള്ളത്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ , അനവധി അരങ്ങേറിയ മണ്ണാണ് കേരളത്തിലേത്. ഒരു രാഷ്ട്രീയ കൊലപാതകവും ന്യായീകരിക്കപ്പെടുന്നുമില്ല. തീര്‍ച്ചയായും ഒഴിവാക്കപ്പെടണ്ടതു തന്നെയാണത്. കൊന്നവരുടെയും കൊപ്പപ്പെട്ടവരുടെയും പട്ടികയില്‍ , കേരളത്തിലെ എല്ലാ മുഖ്യധാരാ പാര്‍ട്ടികളുമുണ്ട്. അടുത്ത കാലത്താണ് , ഇതിനൊരു ശമനം വന്നിരിക്കുന്നത്. അത് ഇങ്ങനെ തന്നെ തുടരണമെന്നാണ് , രാഷ്ട്രീയ കേരളവും ആഗ്രഹിക്കുന്നത്.

ടി.പി ചന്ദ്രശേഖരന്‍ കൊലകേസ്സില്‍, ശക്തമായ നടപടി സ്വീകരിക്കാന്‍ ചുമതലപ്പെട്ട കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര മന്ത്രിമാര്‍ , ആ ചുമതല നിറവേറ്റിയിട്ടില്ലങ്കില്‍ , അതിന് അവര്‍ തന്നെയാണ് ആദ്യം മറുപടി പറയേണ്ടത്. അതല്ലാതെ , തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്തും വിളിച്ചു പറഞ്ഞു കളയാം എന്നത് , ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഗൂഢാലോചന പൊലീസിന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലങ്കില്‍ , അത് കോണ്‍ഗ്രസ്സ് ഭരണകൂടത്തിന്റെ വീഴ്ചയാണ്. തിരുവഞ്ചൂരിന്റെയും രമേശ് ചെന്നിത്തലയുടെയും വീഴ്ചയാണ്. ഇത് മറച്ചു വയ്ക്കാന്‍ , യുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍ , ഇപ്പോള്‍ ചെന്നിത്തല വിളബുന്നത് , ലോകസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു മാത്രമാണ്. അങ്ങനെ മാത്രമേ വിലയിരുത്താനും സാധിക്കുകയൊള്ളൂ.

ഗൂഢാലോചന തെളിയിക്കാന്‍ , പൊലീസ് ആവശ്യപ്പെട്ടിട്ടും മൊബൈല്‍ കമ്പനികളുടെ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ , ആവശ്യമായ വിവരങ്ങള്‍ കൈമാറിയില്ലന്ന്, ഒരു ഉളുപ്പുമില്ലാതെയാണ് , ചെന്നിത്തല പറഞ്ഞിരിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നതിന് , ചെന്നിത്തല മാത്രമല്ല , തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറുപടി പറയേണ്ടതുണ്ട്.

കൊലക്കേസിനെ പോലെ , ഗൗരവമായ ഒരു കേസില്‍ , അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും, മൊബൈല്‍ വിശദാംശങ്ങള്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ കൃത്യമായി നല്‍കിയില്ലങ്കില്‍ , അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമായിരുന്നു. അതിനുള്ള വകുപ്പൊക്കെ പൊലീസിനുണ്ടെന്നത് . മുന്‍ പൊലീസ് മന്ത്രിയും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതല്ലെങ്കില്‍ , ഇക്കാര്യം കോടതിക്കു മുന്നില്‍ അറിയിച്ചാല്‍ , കോടതി തന്നെ ആവശ്യമായ ഇടപെടല്‍ നടത്തുമായിരുന്നു. കേസ് ഡയറി പരിശോധിച്ചു എന്ന് അവകാശപ്പെടുന്ന രമേശ് ചെന്നിത്തല , എന്തു കൊണ്ട് ഇക്കാര്യത്തില്‍ , ആ വഴിക്ക് പൊലീസ് നീങ്ങിയില്ല എന്നതിനാണ് മറുപടി പറയേണ്ടത്. അതല്ലാതെ , ഗൂഢാലോചനയില്‍ പുകമറ സൃഷ്ടിക്കുകയല്ല വേണ്ടിയിരുന്നത്.

കൊലപാതകം ആസൂത്രണം ചെയ്തതിലും , അത് നടപ്പാക്കുന്നതിലും , പിണറായി വിജയന് പങ്കുണ്ടെന്ന് , എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ചെന്നിത്തല പറഞ്ഞതെന്നത് , നാടിന് എന്തായാലും അറിയേണ്ടതുണ്ട്. അതായിരുന്നു യാഥാര്‍ത്ഥ്യമെങ്കില്‍ , അറസ്റ്റിന് എന്തായിരുന്നു തടസ്സമെന്നതും വ്യക്തമാക്കണം.

രമേശ് ചെന്നിത്തലയുടെ വാദം കേട്ടാല്‍ , പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കെയാണ് , കൊലപാതകം നടന്നതെന്നാണ് തോന്നിപ്പോവുക. പിണറായി ഗൂഢാലോചന നടത്തിയാണ് ടി.പി ചന്ദ്രശേഖരനെ കൊല്ലിച്ചതെങ്കില്‍ , കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തലയും , തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണോ , പിണറായിയെ രക്ഷിച്ചതെന്നതിനും മറുപടി വേണം. അതല്ലങ്കില്‍ , ഉന്നയിച്ച ആരോപണത്തിന് , നിരുപാധികം മാപ്പ് പറയാന്‍ , രമേശ് ചെന്നിന്നല തയ്യാറാകണം.

ടി. പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ ഏതെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ , അത് … തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും അടങ്ങിയ, ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ വീഴ്ചയാണ്. ആ തെറ്റാണ് ആദ്യം ചെന്നിത്തല അംഗീകരിക്കേണ്ടത്. ഒരു പ്രസംഗത്തിലെ പരാമര്‍ശമാണ് , ടി. പിക്കെതിരായ പിണറായിയുടെ പകയായി , രമേശ് ചെന്നിത്തലയും , ലീഗ് നേതാവ് കെ.എം ഷാജിയും ചൂണ്ടിക്കാട്ടുന്നത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ , ഒരു നേതാവിനെതിരെയും പ്രസംഗിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടാകുക. ആര്‍.എസ്.പി നേതാവ് പ്രേമ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും , പിണറായി രൂക്ഷമായി പ്രസംഗിച്ചിട്ടുണ്ട്. അതെല്ലാം , കേവലം ഒരു പ്രസംഗത്തിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. ഇതിനേക്കാള്‍ , എത്രയോ രൂക്ഷമായി , കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ പ്രസംഗിച്ചതും , സോഷ്യല്‍ മീഡിയകളില്‍ തിരഞ്ഞാല്‍…ഇപ്പോഴും കാണാന്‍ പറ്റും. ഇവര്‍ക്കെതിരെ ഒന്നും കാണാത്ത വില്ലന്‍ പരിവേശമാണ് , പിണറായിയില്‍ മാധ്യമങ്ങളും കാണുന്നത്. അതു കൊണ്ടാണ് , അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ച് കൊണ്ടിരിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പു കാലത്തും , ഇടതുപക്ഷത്തെ തളര്‍ത്താന്‍ , ഇതു പോലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നതും , പിന്നീട് മാധ്യമങ്ങള്‍ അത് ഏറ്റെടുത്ത് ചര്‍ച്ച നടത്തുന്നതും , നാട് കണ്ടു കൊണ്ടിരിക്കുന്ന കാഴ്ചയാണ്. ആ ചരിത്രമാണ് ഇപ്പോള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പ് തന്നെയാണ് രമേശ് ചെന്നിത്തലയും , യു.ഡി.എഫ് നേതാക്കളും ലക്ഷ്യമിടുന്നത്. അതാകട്ടെ വ്യക്തവുമാണ് . . .

EXPRESS KERALA VIEW

Top