തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം:  തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇത് സംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

വിഷയത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായ മറ്റ് മാര്‍ഗങ്ങളുമായി മുന്നോട്ട് പോകുമെന്നും, ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതേസമയം ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന് ആലപ്പുഴ നഗരസഭ വന്‍ നികുതി ഇളവ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തോമസ് ചാണ്ടിയുടെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഫയലുകള്‍ തിരിച്ചുവന്നതില്‍ വന്‍ക്രമക്കേടുകള്‍ക്ക് പിന്നാലെയാണ് റിസോര്‍ട്ടിന് ആലപ്പുഴ നഗരസഭ നികുതി ഇളവ് നല്‍കിയ വാര്‍ത്തകള്‍ പുറത്തുവന്നത്.

നികുതി ഇളവ് നല്‍കാന്‍ സ്‌പെഷല്‍ ഓര്‍ഡര്‍ ഇറക്കിയത് 2004 ലെ യുഡിഎഫ് സര്‍ക്കാരാണ്. സര്‍ക്കാര്‍ ഓര്‍ഡര്‍ നഗരസഭ അംഗീകരിക്കുകയായിരുന്നു.

2004 ല്‍ ലേക് പാലസ് റിസോര്‍ട്ട് നഷ്ടത്തിലാണെന്നും, ടൂറിസം മേഖലയെ സംരക്ഷിക്കേണ്ടതുണ്ട് എന്നും കാണിച്ച് തോമസ് ചാണ്ടി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് നികുതി ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് അന്നത്തെ നഗരസഭയിലെ എല്‍ഡിഎഫ് ഭരണസമിതി അംഗീകരിക്കുകയായിരുന്നു.

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് നികുതി ഇളവ് നല്‍കിയത് വഴി 11 ലക്ഷം രൂപയാണ് ഒരു വര്‍ഷം സര്‍ക്കാരിന് നഷ്ടമുണ്ടാകുന്നത്. 90,000 രൂപയായിരുന്നു ലേക്ക് പാലസിന് നികുതി അടക്കേണ്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് വഴി, നികുതി 30,000 രൂപയായി കുറയ്ക്കുകയായിരുന്നു.

Top