സിപിഎമ്മിന് അന്തസുണ്ടെങ്കില്‍ സെക്രട്ടറിയെ പറഞ്ഞു വിടണമെന്ന് ചെന്നിത്തല

chennithala

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും രാഷ്ട്രീയവും ചര്‍ച്ചയാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സര്‍വ്വത്ര അഴിമതിയാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്വര്‍ണക്കള്ളക്കടത്തും അഴിമതിയും അന്വേഷിക്കണമെന്ന് പറയുമ്പോള്‍ വികസനം തടസപ്പെടുത്തുന്നു എന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇത് അപഹാസ്യമാണ്. അഴിമതിയും കൊള്ളയും അന്വേഷിക്കണ്ട എന്നാണ് സര്‍ക്കാര്‍ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തിന് അകത്തും പുറത്തും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് ഇടപാട് നടത്തുന്നു എന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇതിനെതിരെയും അന്വേഷണം വേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനും സിപിഎമ്മിനും ഉള്ളത്. ബിനിഷ് കോടിയേരിയുടെ എല്ലാ ഇടപെടലുകള്‍ക്കും സര്‍ക്കാരിന്റെയും പാര്‍ട്ടി സെക്രട്ടറിയുടെയും തണല്‍ ഉണ്ടായിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട് ജനങ്ങളെ പറ്റിക്കാനാണ്. അന്തസുള്ള പാര്‍ട്ടിയാണെങ്കില്‍ സെക്രട്ടറിയെ പറഞ്ഞ് വിടണമെന്നും ചെന്നിത്തല പറഞ്ഞു,

പ്രതിപക്ഷം ആരോപിച്ചത് എല്ലാം ശരിയായി വന്നു. വന്‍കിട പദ്ധതികളൊന്നും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് ഉദ്ഘാടന മഹാമഹങ്ങള്‍ മാത്രമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതിക്ക് എതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യവുമായാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുകയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും ആയിരിക്കും അവസരം. കേരള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി വിഷയവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളായി ചര്‍ച്ച നടന്നു വരികയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Top