ഐഫോണ്‍ വിവാദം; കോടിയേരി മാപ്പ് പറയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം : ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ തയാറാകണം. ലൈഫ് മിഷന്‍ അഴിമതി കേസിലെ മുഖ്യപ്രതിയെ ഉദ്ധരിച്ച് തനിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. താന്‍ വാങ്ങാത്ത ഐ ഫോണിന്റെ പേരില്‍ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ ആക്ഷേപിക്കാനുള്ള സിപിഎമ്മിന്റെ ഗൂഢശ്രമമാണ് സന്തോഷ് ഈപ്പന്‍ വിജിലന്‍സിന് നല്‍കിയ മൊഴിയിലൂടെ പൊളിഞ്ഞതെന്നും ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യുഎഇ കോണ്‍സുലേറ്റിന്റെ ക്ഷണം സ്വീകരിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുക മാത്രമാണ് താന്‍ ചെയ്തത്. ഇതിന്റെ പേരിലാണ് താന്‍ ഐ ഫോണ്‍ പാരിതോഷികമായി സ്വീകരിച്ചു എന്ന പ്രചരണമുണ്ടായത്. തനിക്ക് അവമതിപ്പുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

Top