chennithala statement aganist -ldf

തിരുവനന്തപുരം: എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ സെല്‍ ഭരണം ആവര്‍ത്തിക്കപ്പെടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു . അക്രമ രാഷ്ട്രീയത്തിന്റെയും കൊലപാതകത്തിന്റെയും പാതയിലാണ് സി.പി.എം സഞ്ചരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. പ്രസ്‌ക്‌ളബ് സംഘടിപ്പിച്ച ‘വിചാരണ 2016 ‘പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

അക്രമങ്ങള്‍ക്കു പച്ചക്കൊടി കാട്ടുന്ന പിണറായി വിജയന്‍ ഒരു വശത്ത്, പാര്‍ട്ടി വിരുദ്ധനെന്ന പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പാര്‍ട്ടിക്കാര്‍ പറയുന്ന വി.എസ്.അച്യുതാനന്ദന്‍ മറുവശത്ത്. ഇവരെ വിശ്വസിച്ച് ജനങ്ങള്‍ എങ്ങനെ സി.പി.എമ്മിന് വോട്ടു ചെയ്യും. കോടിയേരിയാകട്ടെ നിസ്സഹായനായി നില്‍ക്കുന്നു. പാര്‍ട്ടി കാര്യങ്ങളിലൊന്നും അദ്ദേഹത്തിന് വലിയ റോളില്ലെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. യെച്ചൂരി ഉണ്ടാക്കിയ താല്‍ക്കാലിക വെടി നിര്‍ത്തല്‍ മാത്രമാണ് ഇപ്പോഴുള്ളത്. തൊലിപ്പുറത്തെ ഐക്യം കൊണ്ടൊന്നും ജനത്തെ കബളിപ്പിക്കാനാവില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയോടും ബി.ഡി.ജെ.എസിനോടും സി.പി.എം സന്ധി ചെയ്യുകയാണ്. ഇരു സംഘടനകളോടും സി.പി.എം കാട്ടുന്ന മൃദു സമീപനത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ദേശീയ ജനാധിപത്യ മതേതര രാഷ്ട്രീയ ബദലിന് കടക വിരുദ്ധമാണ് സി.പി.എമ്മിന്റെ നിലപാട്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് ശരിയല്ല. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ടു തുറക്കില്ല. അവര്‍ക്ക് അതിനുള്ള ശക്തിയില്ല. കേരളത്തില്‍ സി.പി എമ്മുമായി കോണ്‍ഗ്രസ് സഹകരിക്കേണ്ട സാഹചര്യമില്ല. യു.ഡി.എഫിന്റെ സ്വീകാര്യത വര്‍ദ്ധിച്ചു വരികയാണ്. യു.ഡി.എഫില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. എന്നാല്‍ അഭിപ്രായങ്ങളുണ്ട്. ആ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്താണ് ഒരു തീരുമാനത്തിലെത്തുന്നത്. യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാല്‍ എം.എല്‍.എമാരുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം മുഖ്യമന്ത്രിയെ ഹൈക്കമാണ്ട് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Top