chennithala statement about mm mani issue

തിരുവനന്തപുരം: മന്ത്രി എംഎം മണി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കെ.മുരളീധരന്റെ വിമര്‍ശനങ്ങളെ രണ്ടുകൈയുംനീട്ടി സ്വാഗതം ചെയ്യുന്നു, എം.എം. മണി രാജി വയ്ക്കുവരെ യു.ഡി.എഫ് സമരം നടത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മുരളീധരന്‍ മുന്‍ കെപിസിസി പ്രസിഡന്റും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമാണെന്നും അദ്ദേഹം പറയുന്നതെന്താണെന്ന് തങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ടെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷം കൂടുതല്‍ സജീവസമരങ്ങളുമായി വരണമെന്ന ആത്മവിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. അദ്ദേത്തിന്റെ വികാരത്തെ ഞങ്ങള്‍ മാനിക്കുന്നു. അല്ലാതെ അതിന് മറിച്ചുള്ള നിറം നല്‍കുന്നത് ശരിയല്ല. ചെന്നിത്തല നിലപാട് വ്യക്തമാക്കി.

സര്‍ക്കാര്‍ കൂടുതല്‍ ജനദ്രോഹനടപടികളെടുക്കുമ്പോള്‍ അതിനനുസരിച്ച് പ്രക്ഷോഭം ശക്തമാക്കണമെന്ന് മാത്രമാണ് മുരളീധരന്‍ പറഞ്ഞത്. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ആറ് മാസക്കാലം അവരുടെ പ്രവര്‍ത്തനം വിലയിരുത്തുക എന്നതാണ് കോണ്‍ഗ്രസ് സ്വീകരിച്ചു പോന്ന രീതി. എന്തായാലും ആ സമയപരിധി തീര്‍ന്നു. സര്‍ക്കാര്‍ ജനദ്രോഹപരമായി നീങ്ങുന്ന സാഹചര്യത്തില്‍ ഇനി യോജിച്ചതും ശക്തവുമായ പ്രക്ഷോഭവുമായി യുഡിഎഫ് മുന്നോട്ട് പോകും. പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഭരണ പരാജയം ഉയര്‍ത്തിക്കാട്ടുന്നതില്‍ യുഡിഎഫിന് സാധിക്കുന്നില്ലെന്ന മുസ്ലിം ലീഗിന്റെ അഭിപ്രായം വിമര്‍ശനപരമായി കാണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് പോവണമെന്നാണ് അവരും ആവശ്യപ്പെട്ടത്. റേഷന്‍ പ്രശ്‌നം, നോട്ട് പ്രതിസന്ധി, മണിയുടെ രാജി എന്നീ വിഷയങ്ങളില്‍ തുടര്‍പ്രക്ഷോഭം നടത്തുന്നത് സംബന്ധിച്ച് യുഡിഎഫ് അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊലക്കേസില്‍ പ്രതിയായ ആള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും, വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ എംഎം മണി അടിയന്തരമായി മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മണി മന്ത്രിയായിരിക്കുന്നതില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top