ഓഖി: മുന്‍ കരുതല്‍ വീഴ്ചയെക്കുറിച്ച് അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

chennithala.

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിലുണ്ടായ വീഴ്ചയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കാലാവസ്ഥയിലെ നേരിയ വ്യതിയാനങ്ങളെക്കുറിച്ച് മുന്‍കൂട്ടിയറിയാന്‍ തക്കവണ്ണം ശാസ്ത്രം പുരോഗമിച്ചിട്ടും അത്യാധുനിക സംവിധാനങ്ങള്‍ ലഭ്യമായിട്ടും ഓഖിയുടെ വരവ് തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കാന്‍ കഴിയാതെ പോയത് അത്യന്തം ഗൗരവമേറിയ കാര്യമാണ്. മുന്നറിയിപ്പ് നല്‍കാത്തത് കാരണം നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് കടലില്‍ കുടുങ്ങിയതെന്നും ചെന്നിത്തല ആരോപിച്ചു.

ദുരന്തമുണ്ടായി പതിനെട്ട് ദിവസം കഴിഞ്ഞിട്ടും എത്രപേര്‍ മരിച്ചെന്ന് വ്യക്തമല്ല. 79 ശവശരീരങ്ങള്‍ ഇത് വരെ കിട്ടി. മൂന്നൂറിലേറെ പേരെ ഇനിയും കാണാനുണ്ട്. ഇപ്പോഴും ദിവസവും ശവശരീരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ ഉത്തരവാദികളെ കണ്ടെത്തണം. സംസ്ഥാനത്തിന് എല്ലാ മുന്നറിയിപ്പുകളും നല്‍കിയിരുന്നെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇതിന്റെ യാഥാര്‍ത്ഥ്യം അറിയുന്നതിന് ഉന്നത തല അന്വേഷണം കൂടിയേ തീരൂ. ഓഖി മുന്‍കൂട്ടി അറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്നതില്‍ മാത്രമല്ല ദുരന്തമുണ്ടായ ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും വീഴ്ച സംഭവിച്ചു. ഏകോപനമില്ലാത്തിനാല്‍ ആദ്യ ദിവസങ്ങളിലെ രക്ഷാ പ്രവര്‍ത്തനം ഫലപ്രദമായില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Top