chennithala statement about jisha murder

തിരുവനന്തപുരം: ജിഷ കൊലക്കേസില്‍ പൊലീസ് പറയാവുന്ന വിവരങ്ങള്‍ വെളിപ്പെടുത്തണമന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വിവരങ്ങള്‍ പറയാതിരിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സാധാരണ പ്രധാന കേസുകളില്‍ നിര്‍ണായക പുരോഗതി ഉണ്ടാകുമ്പോള്‍ പൊതുജനങ്ങളോട് അത് വിശദീകരിക്കുക പൊലീസിന്റെ പതിവുരീതിയാണെന്നും ഈ കേസിലും അത് പിന്തുടരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം പ്രതി പിടിയിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജിഷ വധക്കേസില്‍ കൊലക്കുപയോഗിച്ച ആയുധവും പ്രതി അന്നേ ദിവസം ധരിച്ചിരുന്ന വസ്ത്രവും കണ്ടെത്താന്‍ കഴിയാതെ അന്വേഷണ സംഘം വലയുകയാണ്.

പ്രതി അമീറുള്‍ ഇസ്ലാമിന് ലഹരി മരുന്ന് വില്‍പ്പന ഉള്ളതായും അന്വേഷണ സംഘത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു.

അമീറുള്‍ ഇസ്ലാമിന് മുന്‍പ് നടന്നിട്ടുളള കൊലപാതകങ്ങളിലും പങ്കുണ്ടോയെന്നും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. സ്ത്രീകളെ സമാനരീതിയില്‍ കൊലപ്പെടുത്തിയ കോതമംഗലത്തെ രണ്ട് കൊലപാതകക്കേസുകളിലാണ് അമിറുള്‍ ഇസ്ലാമിന് പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

മാതിരപ്പള്ളി ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ള വീടിനുളളിലെ മുറിയില്‍ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി(34)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു.

2012 ല്‍ നടന്ന ഈ കൊലപാതകത്തിന് ജിഷയുടെ കൊലപാതകത്തിനോട് സാമ്യമുള്ളതിനാല്‍ ഈ കേസിലും ക്രൈംബ്രാഞ്ച് അമീറുള്‍ ഇസ്ലാമിനെ ചോദ്യം ചെയ്യും.

Top