സ്പീക്കറെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ പി.ശ്രീരാമകൃഷ്ണന് ധാര്‍മികമായി അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടു വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല. രാഷ്ട്രീയ അജന്‍ഡയുണ്ടായിരുന്നുവെങ്കില്‍ പ്രമേയം കൊണ്ടു വരേണ്ടത് മുഖ്യമന്ത്രിക്കെതിരെയായിരുന്നു.

ജനാധിപത്യത്തെ കുരിശിലേറ്റി സഭയെ ചവിട്ടി തേയ്ക്കുമ്പോള്‍ പ്രതികരിക്കാതെ പറ്റില്ല എന്നതിനാലാണ് പ്രതിപക്ഷം അടിയന്തരം പ്രമേയം സ്പീക്കര്‍ക്കെതിരെ കൊണ്ടുവന്നതെന്നും ചെന്നിത്തല പറഞ്ഞു.

അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ സാധാരണ പൗരനെ പോലെ പോയി ചോദ്യം ചെയ്യലിന് ഹാജരാവണം എന്നു പറഞ്ഞ സ്പീക്കര്‍ പക്ഷേ നിയമസഭാ ചട്ടങ്ങള്‍ ഉപയോഗിച്ച് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത് തടയാന്‍ ശ്രമിച്ചെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ അടിയന്തര പ്രമേയത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.

Top