അര്‍ഹതപ്പെട്ട പല സ്ഥാനമാനങ്ങളും സതീശന് ലഭിക്കാതെ പോയിട്ടുണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: അര്‍ഹതപ്പെട്ട പല സ്ഥാനമാനങ്ങളും ലഭിക്കാതെ പോയ ആളാണ് വി.ഡി സതീശനെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം അദ്ദേഹത്തിന്റെ അര്‍ഹതയ്ക്ക് ലഭിച്ച അംഗീകാരമാണെന്നും ചെന്നിത്തല പറഞ്ഞു.

കേരള നിയമസഭയില്‍ ഏറ്റവും പ്രശോഭിക്കുന്ന നിയമസഭാ സാമാജികനായി പ്രവര്‍ത്തിക്കാന്‍ വി.ഡി സതീശന് സാധിച്ചിട്ടുണ്ട്. ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന അഞ്ച് വര്‍ഷക്കാലവും ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി പ്രതിപക്ഷത്തിന് വേണ്ടി ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞ നിയമസഭാ സാമാജികനാണ് വിഡി സതീശന്‍.

അര്‍ഹതപ്പെട്ട പല സ്ഥാനങ്ങളും അദ്ദേഹത്തിന് നേരത്തെ ലഭിക്കാതെ പോയിട്ടുണ്ട്. അപ്പോഴെല്ലാം പാര്‍ട്ടിക്ക് വേണ്ടി പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ വേണ്ടി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു. ഇതിനു ലഭിച്ച ഏറ്റവും വലിയ അഗീകാരമാണ് സോണിയ ഗാന്ധി എടുത്തിട്ടുള്ള തീരുമാനം. ഞങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകും.

കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭമാണ് ഇത്. എന്റെ കൊച്ചനുജനായ സതീശന് ഹൃദയം നിറഞ്ഞ ആശംസകള്‍ . അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു- ചെന്നിത്തല പറഞ്ഞു.

 

Top