ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ചെന്നിത്തല

കോട്ടയം: കെ.പി.സി.സി. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം. തങ്ങളുടെ കാലഘട്ടത്തില്‍ ലീഡറെയും കെ. മുരളീധരനെയും തിരികെ കൊണ്ടുവന്നുവെന്നും മുന്‍പ് അച്ചടക്ക നടപടി എടുത്തിരുന്നെങ്കില്‍ ഇന്നത്തെ പലരും പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ലെന്നും ചെന്നിത്തല അറിയിച്ചു.

അധികാരം ലഭിച്ചപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ല. തന്നോട് കാര്യങ്ങള്‍ ആലോചിക്കണമെന്നില്ല എന്നാല്‍ ഉമ്മന്‍ ചാണ്ടി അങ്ങനെയല്ലെന്നും ഉമ്മന്‍ ചാണ്ടിയെ അവഗണിച്ച് ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ മുതിര്‍ന്ന നേതാവെന്ന വിളിക്കരുതെന്നും 63 വയസ് പ്രായമേ ഉള്ളുവെന്നും ചെന്നിത്തല അറിയിച്ചു. നാട്ടകം സുരേഷ് കോട്ടയം ഡി.സി.സി. പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഇവിടെ പറയുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. എന്നാല്‍, രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോട് നോ കമന്റ്‌സ് എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. കണ്ടാല്‍ മിണ്ടാത്ത അവസ്ഥ കോണ്‍ഗ്രസില്‍ ഇല്ലെന്നു പ്രതിപക്ഷ നേതാവ് അറിയിച്ചു.

 

Top