കോടിയേരി വര്‍ഗീയത ഇളക്കിവിടുന്നു, മുഖ്യമന്ത്രിയും കൂട്ടുനില്‍ക്കുന്നുവെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വര്‍ഗീയത ഇളക്കിവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തില്‍ വന്നപ്പോള്‍ കോടിയേരി മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം മകന്‍ കേസില്‍ കുടുങ്ങുമെന്ന് ആയപ്പോള്‍ കേസ് അട്ടിമറിക്കാന്‍ കോടിയേരി ശമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

താന്‍ ആര്‍എസ്എസുകാരനാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു കോടിയേരിയുടെ ആദ്യ ശ്രമം. എന്നാല്‍ എസ്. രാമചന്ദ്രന്‍പിള്ളയാണ് യഥാര്‍ഥ ആര്‍എസ്എസുകാരനെന്ന് പുറത്തുവന്നു. പച്ചയ്ക്ക് വര്‍ഗീയത പ്രചരിപ്പിക്കുകാണ് സിപിഎം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട മുഖ്യമന്ത്രി വര്‍ഗീയതയ്ക്ക് വഴിതെളിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ ഈ വര്‍ഗീയത ഇളക്കിവിടുന്നത് ബിജെപിയെ ഇളക്കിവിടാനാണ്. ബിജെപിക്ക് കേരളത്തില്‍ ഇടംനല്‍കാന്‍ വേണ്ടിയാണിത്. ശബരിമല വിഷയം നാം കണ്ടതാണ്. കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താനാണ് സിപിഎമ്മിന്റെ ശ്രമം.

മന്ത്രി കെ.ടി. ജലീലിന് കള്ളക്കടത്ത് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് മനസിലായതോടെയാണ് ഇഡിയും എന്‍ഐഎയും അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഇനി കസ്റ്റംസും ചോദ്യം ചെയ്യുമെന്നാണ് അറിയാന്‍ സാധിച്ചത്. നടപടി ക്രമങ്ങള്‍ പാലിക്കാതെ പാഴ്‌സലുകള്‍ സ്വീകരിച്ചതോടെയാണ് ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഒരു കാര്യവും ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ ഏജന്‍സികള്‍ മന്ത്രിയെ ചോദ്യം ചെയ്യുന്നത്. ജലീലിന്റെ രാജിയില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളെ അക്ഷേപിക്കുകയാണ് ജലീല്‍ ചെയ്യുന്നത്. മധ്യമങ്ങളുടെ കണ്ണ് വെട്ടിച്ചാണ് ജലീല്‍ ചോദ്യം ചെയ്യലിന് നേരത്തെ ഹാജരായത്. എന്നാല്‍ ഇത്തവണ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുടുങ്ങി. തലയില്‍ മുണ്ടിട്ടാണ് ജലീല്‍ ചോദ്യം ചെയ്യലിന് പോയത്. സത്യം മാത്രമേ ജയിക്കു എന്ന് പറയുന്ന മന്ത്രി പച്ചകള്ളമാണ് പറയുന്നത്. തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിച്ചതും ഈ മന്ത്രിയാണ്. ഗവര്‍ണര്‍ ശാസിച്ചതും ഇതേ മന്ത്രിയെയാണ്. ജലീലിന്റെ കള്ളത്തരങ്ങള്‍ ഒരോന്നായി പുറത്തുവന്നു. ഇനിയും കള്ളങ്ങള്‍ പുറത്തുവരാനുണ്ട്. മുങ്ങുന്ന കപ്പലാണ് ഈ മന്ത്രിസഭയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Top