ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് സര്‍ക്കാര്‍ ഫയലില്‍ കെട്ടിവെച്ചെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് സര്‍ക്കാര്‍ ഫയലില്‍ കെട്ടിവെച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അടിച്ചു കഴിഞ്ഞപ്പോഴാണ് ചുഴലിക്കാറ്റാണെന്ന് സര്‍ക്കാര്‍ മനസിലാക്കിയതെന്നും, അപകടത്തിനു ശേഷം ധനസഹായം പ്രഖ്യാപിക്കലല്ല സര്‍ക്കാറിന്റെ കടമയെന്നും ചെന്നിത്തല തുറന്നടിച്ചു.

തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതു മൂലമാണ് ഓഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ ഇത്രയേറെ ജീവനുകള്‍ നഷ്ടപ്പെട്ടതെന്നും, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നവംബര്‍ 29ന് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും, എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

തമിഴ്‌നാടിനും ലക്ഷദ്വീപിനുമെല്ലാം ഇതേ മുന്നറിയിപ്പാണ് ലഭിച്ചതെന്നും, തമിഴ്‌നാട് തലേന്ന് തന്നെ തീരപ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയെന്നും, കന്യാകുമാരിയില്‍ രണ്ടു ബോട്ടുകള്‍ മാത്രമാണ് കടലിലുണ്ടായിരുന്നതെന്നും, 29ന് ചുഴലിക്കാറ്റ് സാധ്യതയെ കുറിച്ച് തീരപ്രദേശത്ത് പ്രത്യേക മൈക്ക് അനൗണ്‍സ്‌മെന്റുമായി ഉച്ചക്കും വൈകീട്ടും രാത്രിയും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യാപൃതരായിരുന്നെന്നും, നമ്മളാകെട്ട ചുഴലിക്കാറ്റ് ആഞ്ഞടിച്ച ശേഷമാണ് സ്‌കൂളിനു അവധി നല്‍കിയതെന്നും, 30 ന് ഉച്ചക്ക് മാത്രമാണ് ചുഴലിക്കാറ്റാണ് അടിച്ചതെന്ന് വ്യക്തമായുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത് ലക്ഷദ്വീപിലാണ്, 500ലേറെ വീടുകള്‍ നശിച്ചു, എന്നാല്‍ അവിടെ ഒരു മനുഷ്യജീവന്‍ പോലും നഷ്ടമായിട്ടില്ല, എല്ലാവര്‍ക്കും ഒരേ മുന്നറിയിപ്പ് തന്നെയാണ് നല്‍കുന്നതെന്നും, മുന്നറിയിപ്പ് വായിച്ചിട്ട് മനസിലാകാത്തതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Top