തലമുറമാറ്റം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ചെന്നിത്തല

കൊല്ലം: കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന്റെ സമയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാര്‍ത്ഥി പട്ടിക വൈകിയതിന് കാരണം അത് കൂടിയാണ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ 55 ശതമാനവും ചെറുപ്പക്കാരും പുതുമുഖങ്ങളും ആണ്. തലമുറമാറ്റം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ ആരോപണം ചെന്നിത്തല ആവര്‍ത്തിച്ചു. ഇഎംസിസിയുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ന്യൂയോര്‍ക്കിലും ചര്‍ച്ച നടത്തി. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു.

മത സൗഹാര്‍ദ കേന്ദ്രമായ ശബരിമലയെ ഇടതുസര്‍ക്കാര്‍ കുരുതിക്കളമാക്കി. അയ്യപ്പനെ ആക്ഷേപിക്കാന്‍ ശ്രമം നടത്തി. വിശ്വാസികളുടെ ഹൃദയവികാരം ചവിട്ടിമെതിച്ചു. വിശ്വാസികള്‍ ഇതിന് തിരിച്ചടി നല്‍കും. ശബരിമല വിഷയത്തില്‍ പിണറായി വിജയന്‍ സത്യവാങ്ങ്മൂലം തിരുത്തി കോടതിയില്‍ നല്‍കാന്‍ തയ്യാറുണ്ടോ?എടുത്ത നിലപാട് തെറ്റെന്ന് പറയുമോ?വിശ്വാസികളോട് മാപ്പ് പറയാന്‍ തയ്യാറുണ്ടോ?അഴകൊഴമ്പന്‍ നിലപാട് വേണ്ടെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

 

Top