സിപിഎം മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫിനെ ക്ഷീണിപ്പിച്ച് ബിജെപിയെ വളര്‍ത്താന്‍ സിപിഎം ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ അപകടരമായ രാഷ്ട്രീയമാണ് സിപിഎമ്മും മുഖ്യമന്ത്രിയും കളിക്കുന്നത്. കേരളത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ക്കാന്‍ ഇവര്‍ ആഞ്ഞുശ്രമിക്കുകയാണ്. മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ മുഖ്യമന്ത്രി ബോധപൂര്‍വ്വം ശ്രമം നടത്തുന്നുണ്ട്. ഇത് തീ കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്നും ചെന്നിത്തല പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്ന് തരിപ്പണമായി എന്ന ഇടതുമുന്നണിയുടെ പ്രചരണം അടിസ്ഥാന രഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്. വോട്ടിങ് ശതമാനം പരിശോധിച്ചാല്‍ എല്‍ഡിഎഫിനേക്കാള്‍ യുഡിഎഫിന് വോട്ട് ലഭിച്ചു. കെപിസിസിയുടെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് വിഭാഗം വിശദമായി പഠനം നടത്തി ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫിന് 35.6 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് 34.96 വോട്ടാണ് ലഭിച്ചത്. സംസ്ഥാനത്ത് യുഡിഎഫ് തുല്യശക്തിയായി നിലനില്‍ക്കുന്നുവെന്നാണ് വാസ്തവം. അത് മറച്ചുവെച്ചുകൊണ്ടാണ് വ്യാജപ്രചാരണം നടത്തുന്നത്. കോര്‍പ്പറേഷനുകളില്‍ ഞങ്ങള്‍ ഉദ്ദേശിച്ച വിജയം ഉണ്ടായില്ല. മുനിസിപ്പാലിറ്റികളില്‍ നല്ല മുന്നേറ്റമുണ്ടാക്കാനായി. ജില്ലാ പഞ്ചായത്തിലാണ് കണക്ക് കൂട്ടലുകള്‍ തെറ്റിയത്. ഗ്രാമപഞ്ചായത്തില്‍ തുല്യമായ പോരാട്ടത്തിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആരംഭിച്ച വര്‍ഗീയ പദ്ധതി ഇപ്പോള്‍ സിപിഎമ്മിന്റെ ആക്ടിങ് സെക്രട്ടറി ഏറ്റെടുത്തിരിക്കുന്നു. മുസ്ലിംലീഗിനെ ചെളിവാരി എറിയാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നു. കേരളത്തില്‍ മതസൗഹാര്‍ദം നിലനിര്‍ത്താന്‍ മുസ്ലിംലീഗിന് കഴിഞ്ഞിട്ടുണ്ട്. അര്‍ഹമല്ലാത്തത് ഒന്നും ഇക്കാലത്തിനിടയില്‍ അവര്‍ക്ക് ലഭിച്ചിട്ടില്ല. നൂറോളം വാര്‍ഡുകളില്‍ സിപിഎമ്മിന് ബിജെപിയും എസ്ഡിപിഐയുമായും സഖ്യമുണ്ടാക്കിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു

Top