കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് തന്നെയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് തന്നെയാണെന്ന് രമേശ് ചെന്നിത്തല. തനിക്കെതിരേ ബിജെപി ബന്ധം ആരോപിച്ചപ്പോള്‍ ആരും കൂടെയുണ്ടായിട്ടില്ലെന്ന് പറഞ്ഞ ചെന്നിത്തല സുധാകരനെതിരേ ഇതേ ആരോപണം വന്നപ്പോള്‍ താന്‍ പ്രതികരിച്ചുവെന്നും, അതായിരിക്കണം കോണ്‍ഗ്രസുകാരുടെ വികാരമെന്നും പറഞ്ഞു. ഇന്ദിരാ ഭവനില്‍ കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്കെതിരേ ആരോപണം വന്നപ്പോള്‍ പാര്‍ട്ടിയില്‍ ആരും പ്രതികരിക്കാതിരുന്ന വേദന മനസിലാക്കിയതാണ്. ഓര്‍മ്മവെച്ച നാള്‍മുതല്‍ കോണ്‍ഗ്രസുകാരനായി വളര്‍ന്നുവന്ന ഞാന്‍ ബിജെപിക്കാരനാണെന്ന് പറഞ്ഞപ്പോള്‍ പല സ്‌നേഹിതന്‍മാരും അതിനോടൊപ്പം ചേര്‍ന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ഈ മനോവികാരത്തിലാണ് സുധാകരനെ അനുകൂലിച്ച് പോസ്റ്റിട്ടത്. ഇതായിരിക്കണം നമ്മുടെ വികാരം. കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് തന്നെയാണ്.’ ചെന്നിത്തല പറഞ്ഞു.

ചിരിക്കുന്നവരെല്ലാം നമ്മുടെ സ്‌നേഹിതന്‍മാരാണെന്ന് കരുതരുത്. മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരൊന്നും നമുക്കൊപ്പം ഉണ്ടാകില്ലെന്ന അനുഭവ പാഠമാണ് തനിക്കുള്ളത്. ഇത് സുധാകരന് പാഠമാകണം.

ഇടതുപക്ഷത്തിന് കോവിഡ് മഹാമാരി നല്‍കിയ സംഭാവനയാണ് തുടര്‍ഭരണം. കഴിഞ്ഞ രണ്ട് വര്‍ഷം കോവിഡ് സാഹചര്യം ഇല്ലായിരുന്നെങ്കില്‍ സ്ഥിതി മറിച്ചാകുമായിരുന്നു. ഇടത് സര്‍ക്കാരിന്റെ അഴിമതി കഥകള്‍ ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും പിണറായി വിജയനും കാനം രാജേന്ദ്രനും അറിയാതെ വനം കൊള്ള നടക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

Top