കേരള പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടെന്ന് ചെന്നിത്തല

കൊച്ചി: കണ്ണൂര്‍ ട്രെയിന്‍ സംഭവത്തില്‍ കേരളാ പൊലീസിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ആഭ്യന്തരം പൂര്‍ണ പരാജയമാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. കേരള പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടു. ആഭ്യന്തര വകുപ്പിന് നാഥനും നമ്പിയും ഇല്ല. കുത്തഴിഞ്ഞ സ്ഥിതിയാണ് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിലുള്ളത്. പൊലീസ് നിരപരാധികളെ ആക്രമിക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ചെന്നിത്തല പ്രതികരിച്ചു.

ഡി ലിറ്റ് വിവാദത്തില്‍ തന്റെ ചോദ്യങ്ങളില്‍ ഉത്തരം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തന്റെ ചോദ്യങ്ങള്‍ ഗവര്‍ണ്ണര്‍ തള്ളിയില്ല എന്നത് പ്രസക്തമാണ്. രാജ്യത്തിന് അവമതിപ്പ് ഉണ്ടാക്കുന്ന കാര്യങ്ങളാണ് സര്‍വകലാശാലകളില്‍ നടക്കുന്നത് എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞതു ഗൗരവതരമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണം.

കേരള സര്‍വകലാശാലയുടെ മൗനവും ദുരൂഹമാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. വി സി എന്ത് കൊണ്ടാണ് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. വിവരങ്ങള്‍ ജനങ്ങളോട് പറയാന്‍ വി സി ബാധ്യസ്ഥനാണ്. ചെറു കാര്യങ്ങള്‍ക്ക് പോലും വിശദീകരണം നല്‍കുന്നതാണ് സര്‍വകലാശാല. ഈ കാര്യത്തില്‍ എന്താണ് മൗനമെന്ന് ചെന്നിത്തല ചോദിച്ചു.

പോരാട്ടം തുടരുമെന്നും സര്‍ക്കാരിനെ ഇനിയും തുറന്നു കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒറ്റയാള്‍ പോരാട്ടം മുന്‍പും നടത്തിയിട്ടുണ്ട്. പിന്നീട് പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ട്. ആരും ഇക്കാര്യത്തില്‍ പുറകോട്ടു പോയിട്ടില്ല. എല്ലാവരും ഒപ്പമുണ്ടെന്നും കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top