മുഖ്യമന്ത്രിയും ശിവശങ്കറും പരസ്പരം സഹായിക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും ശിവശങ്കറും പരസ്പരം സഹായിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഴുവന്‍ ഉത്തരവാദിത്വങ്ങളും ശിവശങ്കര്‍ ഏറ്റെടുക്കുകയാണ്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞുകൊണ്ടാണ് നടന്നതെന്നും ചെന്നിത്തല പറഞ്ഞു.

എംബസിയുമായുള്ള കോണ്ടാക്ട് പോയന്റ് ശിവശങ്കറാണെന്ന് പറഞ്ഞത് മുഖ്യമന്ത്രിക്കും ശിവശങ്കറിനും ഇപ്പോള്‍ ഓര്‍മ്മയില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വ്യക്തി ഡോളര്‍ കടത്താനും പ്രതികളെ സഹായിക്കാനുമുള്ള നീക്കങ്ങള്‍ നടത്തിയിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി അതിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

ആറിലേറെ തവണ സ്വപ്ന മുഖ്യമന്ത്രിയെ കണ്ടു. എന്നാല്‍ പ്രതികളുടെ മൊഴി പുറത്തുവന്ന ശേഷമാണ് ഇക്കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തുന്നത്. അന്വേഷണം മുഖ്യമന്ത്രിയിലേക്കാണ് നീളുന്നത്. സിബിഐക്കെതിരേ കോടതിയെ സമീപിച്ചത് മുഖ്യമന്ത്രിയിലേക്കും സര്‍ക്കാരിലേക്കും അന്വേഷണം നീങ്ങുന്നതിനാലാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തുടക്കം മുതല്‍ മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുകയാണെന്നും ചെന്നിത്തല തുറന്നടിച്ചു.

Top