ഇ.ഡി അന്വേഷണത്തിലൂടെ സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് 55 മാസത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്താണ് നടന്നതെന്ന് തെളിഞ്ഞു കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അക്ഷരാര്‍ത്ഥത്തില്‍ കേരളം ഞെട്ടുന്ന വാര്‍ത്തകള്‍ വരുന്നു. സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ് ഇഡി അന്വേഷണത്തിലൂടെ പുറത്ത് വരുന്നത്. എല്ലാ അഴിമതിയുടേയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

സ്വപ്നയുടേയും കൂട്ടരുടേയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശിവശങ്കറിനറിയാം. എല്ലാ തട്ടിപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസ് താങ്ങും തണലുമായി നിന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓരോരുത്തര്‍ക്കും ഓരോ ചുമതലയാണ്. ചിലര്‍ക്ക് അഴിമതി, ചിലര്‍ക്ക് കള്ളക്കടത്ത് എന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചു എന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ശിവശങ്കറിനും സിഎം രവീന്ദ്രനും എല്ലാ ഇടപാടുകളിലും പങ്കുണ്ട്. ചേട്ടന്‍ ബാവ അനിയന്‍ ബാവ പരിപാടി ഇവിടെ അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷിക്കണമെന്ന് പറഞ്ഞതും മുഖ്യമന്ത്രി, അന്വേഷണത്തെ തടസപ്പെടുത്തുന്നതും മുഖ്യമന്ത്രി തന്നെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Top