ഓഡിറ്റിങ് നിര്‍ത്തിയ തീരുമാനം അഴിമതി മൂടിവെയ്ക്കാനെന്ന് ചെന്നിത്തല

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റിങ് അവസാനിപ്പിച്ചത് അഴിമതി മൂടിവെക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2019 -20ലെ ഓഡിറ്റ് തന്നെ നിര്‍ത്തി വെക്കാനുള്ള ഓഡിറ്റ് ഡയറക്ടറുടെ നിര്‍ദേശം നിയമ വിരുദ്ധമാണെന്നും നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തുന്ന നടപടിയാണെന്നും ചെന്നിത്തല ആരോപിച്ചു.
ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്റ്റ് പ്രാകരം ഓഡിറ്റ് വകുപ്പിന് ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റാതെ ഒരു ഓഡിറ്റും വേണ്ട എന്ന ഉത്തരവിറക്കാന്‍ ഓഡിറ്റ് ഡയറക്ടര്‍ക്ക് ഒരധികാരവുമില്ല. ഇത്തരത്തില്‍ ഉത്തരവിട്ട ഓഡിറ്റ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമനടപടിയെടുണം’.

കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്ന കിഫ്ബിയില്‍ ഓഡിറ്റ് വേണ്ട. കണ്ണൂര്‍ വിമാനത്താവളത്തിന് ഓഡിറ്റ് വേണ്ട. 2019- 20ലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഓഡിറ്റ് വേണ്ട എന്നാണ് തീരുമാനം. ഇത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണിത്. റിപ്പോര്‍ട്ട് വന്നാല്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുള്ളതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനമുണ്ടാവുന്ന സംസ്ഥാനമായി കേരളം മാറി. സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവവും പിടിപ്പുകേടുമാണ് രോഗവ്യാപനത്തിന് കാരണം. മുഖ്യമന്ത്രി വസ്തുതകള്‍ മറച്ചുവെച്ച് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷത്തിന്റെ സമരം കാരണമാണ് കോവിഡ് വ്യാപിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. പഴയ പൊട്ടിപ്പൊളിഞ്ഞ ഗ്രാമഫോണ്‍ പോലെ അത് അദ്ദേഹം വായിച്ചു കൊണ്ടിരിക്കുകയാണ്. ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ഈ സാഹചര്യം ഉണ്ടാകുമായിരുന്നോ എന്നും ചെന്നിത്തല ചോദിച്ചു.

Top