പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര സഹായം ഉടന്‍ നല്‍കണമെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: പ്രളയ ബാധിതര്‍ക്ക് അടിയന്തര സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ഉടന്‍ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോയപ്പോള്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹം ചുമതല കൈമാറാത്തതിനാല്‍ തന്നെ പ്രളയത്തെ തുടര്‍ന്നുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

സഹായം നല്‍കിയവരുടെ പേര് വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണം. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ചു കൊടുക്കാന്‍ മുന്‍ഗണന നല്‍കണമെന്നും പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും നിര്‍ബന്ധിത പിരിവ് പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയസമയത്ത് തുടര്‍ച്ചയായ വിദേശ പര്യടനം വേണമോയെന്ന് സര്‍ക്കാര്‍ ആലോചിക്കണം. വിദേശയാത്രയ്ക്ക് തയാറെടുക്കുന്ന മന്ത്രിമാരില്‍ പലരും ഇപ്പോള്‍ വിദേശത്തുനിന്ന് മടങ്ങിയെത്തിയതേയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ അനാവശ്യ ചെലവുകള്‍ വേണമോയെന്ന് ആലോചിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.

Top