ഉമ തോമസിന്റെ ബിജെപി ഓഫീസ് സന്ദർശനത്തെ രാഷ്ട്രീയമായി കാണേണ്ടെന്ന് ചെന്നിത്തല

തൃക്കാക്കര: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി ഉമ തോമസ് ബിജെപി ഓഫീസിൽ പോയതിനെ രാഷ്ട്രീയമായി കാണേണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശദീകരണം. നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമല്ല. അത്തരത്തിൽ പ്രചാരണം നടത്തുന്നത് അതിജീവിതയെ അപമാനിക്കുന്നതിന് തുല്ല്യമാണ്. അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റി കേസ് വഴി തിരിച്ചുവിടാനാണ് സർക്കാരിന്റെ ശ്രമം. മുഖ്യമന്ത്രിയുടെ വാദം ആരും വിശ്വസിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ ബി ജെ പി ഓഫീസ് സന്ദർശനം വിവാദമായിരുന്നു. ബി ജെ പി വോട്ടുകൾ യു ഡി എഫിന് മറിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ദുരൂഹ സന്ദർശനമെന്ന് എൽഡിഎഫ് ആരോപിച്ചിരുന്നു. വോട്ട് മറിക്കാൻ സ്ഥാനാർത്ഥി നേരിട്ടെത്തി വോട്ടഭ്യർത്ഥിക്കണമെന്ന ബി ജെ പി ഉപാധി യുഡിഎഫ് നടപ്പിലാക്കുകയാണെന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം. കുമ്മനം രാജശേഖരൻ ഉള്ളപ്പോഴാണ് ഉമാ തോമസ് ബി ജെ പി യുടെ തിരഞ്ഞെടുപ്പ് കമ്മിറ്റ ഓഫീസിൽ എത്തിയത്. അതിനെ രാഷ്ട്രീയമായി കാണേണ്ടന്നാണ് ചെന്നിത്തല വ്യക്തമാക്കുന്നത്.

Top