സ്പീക്കറുടേത് വിടവാങ്ങല്‍ പ്രസംഗം പോലെ തോന്നിയെന്ന് ചെന്നിത്തല

മലപ്പുറം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനനുണ്ടായ ഭീഷണിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ക്കെതിരെ ഉന്നയിച്ചത് അഴിമതി ആരോപണങ്ങളാണ്. അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍ വിടവാങ്ങല്‍ പ്രസംഗം പോലെ തോന്നി. വ്യക്തിഹത്യ നടത്തുന്നുവെന്ന സ്പീക്കറുടെ പരാതിക്ക് ഇ.ഡി മറുപടി പറയട്ടെ. സ്പീക്കറുടെ വാര്‍ത്താ സമ്മേളനത്തിന് നാളെ വിശദമായി മറുപടി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന്റെ കൊള്ളക്കെതിരെ ജനം പ്രതികരിക്കും. സ്വര്‍ണക്കള്ളക്കടത്തില്‍ സര്‍ക്കാരിന്റെ മുഖം വികൃതമായി. സ്വര്‍ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഈ തെരഞ്ഞടുപ്പോടെ ഇടതു മുന്നണിയുടെ തകര്‍ച്ച പൂര്‍ത്തിയാവും. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന് നിയമനിര്‍മ്മാണം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

Top