രണ്ട്‌ വള്ളത്തിലും കാലിട്ട്‌ ചെന്നിത്തല; പൗരത്വത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചും കുറ്റപ്പെടുത്തിയും..

ramesh-chennithala

സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ സര്‍ക്കാരിന്റെ കള്ളക്കളി പുറത്തായെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. രഹസ്യമായി അമിതാ ഷായുടേയും മോദിയുടേയും മുന്നില്‍ നല്ലപിള്ള ചമയാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല 2019ല്‍ തന്നെ എന്‍പിആറുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടിരുന്നതായും പിണറായി സര്‍ക്കാര്‍ ഇനിയെങ്കിലും ഈ കബളിപ്പിക്കല്‍ നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഗവര്‍ണര്‍ നിലപാട് എടുക്കുന്നത് ശരിയല്ല എന്ന് ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ആവശ്യപ്പെട്ടത് താനാണെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ ചട്ടപ്രകാരം ചില കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കേണ്ടതുണ്ടെന്നും
അത് സര്‍ക്കാര്‍ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍, ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണറെ പിന്തുണയ്ക്കുന്ന നിലപാടാണ് ചെന്നിത്തല സ്വീകരിക്കുന്നത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടി ശരിയെന്നാണ് ചെന്നിത്തലയുടെ വാദം. വാര്‍ഡ് വിഭജനം നടത്താന്‍ സര്‍ക്കാരിന് അവകാശമില്ല. വാര്‍ഡ് വിഭജനം രാഷ്ട്രീയ പ്രേരിതമായി നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. വാര്‍ഡ് വിഭജനത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.

Top