രമേശ് ചെന്നിത്തല നല്ല പ്രതിപക്ഷ നേതാവെന്ന് ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: രമേശ് ചെന്നിത്തല നല്ല പ്രതിപക്ഷ നേതാവാണെന്ന് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നേതാക്കള്‍ ഒറ്റക്കെട്ടാണ്. ചെന്നിത്തലയുടെ പദവികള്‍ സംബന്ധിച്ച അഭിപ്രായം മുമ്പ് പറഞ്ഞതാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അതേസമയം, ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായേക്കുമെന്ന് സൂചനകള്‍ ഉയരുന്നുണ്ട്. ഉമ്മന്‍ ചാണ്ടി എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തുകയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കേന്ദ്രനേതൃത്വം സജീവമായി ഇടപെടുമെന്നാണ് വിവരം. എ കെ ആന്റണിക്കാണ് കേരളത്തിന്റെ ചുമതല. പ്രഖ്യാപനത്തിനു ശേഷം എ കെ ആന്റണി മുഴുവന്‍ സമയവും കേരളത്തില്‍ ഉണ്ടാവും. സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലാകും ഉണ്ടാകുക.

നിയമസഭാതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിരുന്നു. ഉമ്മന്‍ചാണ്ടിയും മത്സരിക്കണമെന്ന നിര്‍ദേശത്തിന് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാണിച്ചു. ഇതോടെ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന കാര്യത്തില്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുന്നില്ല. ഒരു മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ മുന്നോട്ടുവച്ചാകില്ല കോണ്‍ഗ്രസും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. മുഖ്യമന്ത്രി ആരെന്ന് നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.

Top