അഭിപ്രായ സര്‍വെകള്‍ സര്‍ക്കാരിനെ വെള്ള പൂശാനെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സര്‍വെകള്‍ക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന സര്‍ക്കാരിനെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് ഓരോ സര്‍വെയുമെന്ന് അദ്ദേഹം പറഞ്ഞു. 200 കോടി രൂപ പരസ്യം സര്‍ക്കാര്‍ നല്‍കിയതിന്റെ ഉപകാരസ്മരണയാണ് മാധ്യമങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഇത് മാധ്യമ ധര്‍മ്മമല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അഴിമതിയില്‍ മുങ്ങിയ പിണറായി വിജയന്‍ സര്‍ക്കാരിനെ ജനം തെരഞ്ഞെടുപ്പില്‍ തൂത്തെറിയും. ഇത് ഇടതുപക്ഷത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് അഭിപ്രായ സര്‍വെകള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം സര്‍വെകള്‍ നടന്നിട്ടുണ്ടെന്നും ഫലം വന്നപ്പോള്‍ എന്താണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

ഫലം വന്നപ്പോള്‍ സര്‍വേ നടത്തിയവരെ കാണാന്‍ ഇല്ലായിരുന്നു. സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്ന പ്രതിപക്ഷ നേതാവിനെ എങ്ങനെ തകര്‍ക്കാമെന്നാണ് ആലോചിക്കുന്നത്. തകര്‍ക്കാന്‍ സിപിഎമ്മിനോ ഭരണകക്ഷിക്കോ കഴിയാത്തത് കൊണ്ട് അഭിപ്രായ സര്‍വെകളെ കൂട്ടുപിടിക്കുന്നു. ഇപ്പോള്‍ വന്ന സര്‍വെകളും ഇനി വരാനിരിക്കുന്ന സര്‍വെകളും ഇത് തന്നെയാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷത്തിന് ലഭിക്കേണ്ട ന്യായമായ ഒരു പരിഗണനയും കിട്ടുന്നില്ലെന്ന് മാത്രമല്ല, താറടിച്ച് കാണിക്കാനും ആസൂത്രിത നീക്കം നടക്കുകയാണ്. യുഡിഎഫിന് ഈ സര്‍വെകളില്‍ വിശ്വാസം ഇല്ല. സര്‍വെ ഫലങ്ങള്‍ തിരസ്‌കരിക്കുന്നു. ജനങ്ങളുടെ തെരഞ്ഞെടുപ്പില്‍ മാത്രമാണ് യുഡിഎഫ് വിശ്വസിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

Top