ജലീലിന്റെ രാജി മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലെന്ന് ചെന്നിത്തല

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ രാജി ഒരു ധാര്‍മികതയും ഉയര്‍ത്തിപ്പിടിച്ചല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നില്‍ക്കകള്ളിയില്ലാതെയും മറ്റ് മാര്‍ഗങ്ങളില്ലാതായതിനേയും തുടര്‍ന്നാണ് രാജി. പൊതുജന സമ്മര്‍ദ്ദവും പൊതുജന അഭിപ്രായവും ശക്തമായി ഉയര്‍ന്നുവന്നതിന്റെ പേരില്‍ ജലീല്‍ രാജി വയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ധാര്‍മികതയുണ്ടായിരുന്നുവെങ്കില്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിക്കാനുള്ള നീക്കം നടത്തിയത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. ഇവിടെ ധാര്‍മികത പ്രസംഗിക്കാന്‍ സിപിഎമ്മിന് എന്ത് അധികാരമാണ് ഉള്ളത്, ധാര്‍മികതയുണ്ടായിരുന്നേല്‍ മൂന്ന് ദിവസം കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നോ. ലോകായുക്തയുടെ വിധി വന്ന ശേഷം രാജി വെയ്ക്കുന്ന പ്രശ്നമില്ലെന്നാണ് നിയമമന്ത്രി പറഞ്ഞത്. ബന്ധുക്കളെ നിയമിക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് പറഞ്ഞത്.

പാര്‍ട്ടി സെക്രട്ടറിയറ്റ് അംഗം കൂടിയായ എ.കെ ബാലന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് കണക്കാക്കാന്‍ കഴിയില്ല. ഇപ്പോള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നത് പ്രത്യേക കഴിവാണ്. ലോകായുക്ത തീരുമാനം വന്ന ഉടന്‍ രാജി വെച്ചിരുന്നേല്‍ ധാര്‍മികത എന്ന് പറയാമായിരുന്നു. മൂന്നാല് ദിവസക്കാലം രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും നോക്കി അവസാനം പാര്‍ട്ടിയ്ക്ക് പറയേണ്ടിവന്നു രാജിവയ്ക്കാന്‍. ഇതില്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.

 

 

Top