അപമാനിക്കപ്പെടുന്നവന്റെ വേദനയും ചെന്നിത്തല ഇപ്പോള്‍ അറിഞ്ഞു കാണും

ടക്കളത്തില്‍ ശരമേറ്റ അവസ്ഥയിലാണിപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വയം തൊടുത്ത ‘ശരങ്ങള്‍’ തന്നെയാണ് അദ്ദേഹത്തിനു നേരെ തിരിച്ചടിച്ചിരിക്കുന്നത്. ഐ ഫോണ്‍ വിവാദത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറയുന്ന ചെന്നിത്തല യാഥാര്‍ത്ഥ്യം പൊതു സമൂഹത്തിന് മുന്നില്‍ തുറന്ന് പറയാനാണ് ഇനി തയ്യാറാവേണ്ടത്. ‘സ്വര്‍ണ്ണ മെന്ന് പറഞ്ഞില്ലല്ലോ ഫോണെന്നല്ലേ പറഞ്ഞതെന്ന” അദ്ദേഹത്തിന്റെ പരിഹാസം കൊണ്ടൊന്നും ആരോപണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുകയില്ല. സാധാരണ ഫോണല്ല ഐ ഫോണ്‍ എന്നു പറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വില പിടിപ്പുള്ള ഫോണാണത്. ലക്ഷങ്ങള്‍ വിലവരുന്ന ഉപഹാരം ആര് ആര്‍ക്ക് നല്‍കിയാലും, അതിനു പിന്നിലെ ‘താല്‍പര്യങ്ങളും’ പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്.

ഖുറാനും ഈത്തപ്പഴുവുമായി ഒരു താരതമ്യത്തിന് പോലും ഇവിടെ പ്രസക്തിയില്ല. ജലീല്‍ ഖുറാനും ഈത്തപ്പഴവും ഏറ്റു വാങ്ങിയത് പ്രോട്ടോകോള്‍ ലംഘനമാണെങ്കില്‍ ഐ ഫോണ്‍ വാങ്ങുന്നതും അതിനേക്കാള്‍ വലിയ പ്രോട്ടോകോള്‍ ലംഘനമായി തന്നെ കാണണം. നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ യു.എ.ഇ കോണ്‍സുലേറ്റിനും ഇപ്പോള്‍ ബാധ്യതയുണ്ട്. യു.എ.ഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്വപ്ന സുരേഷ് ക്ഷണിച്ചപ്പോള്‍ ഒരു ചടങ്ങിന് സ്പീക്കര്‍ പോയത് വിവാദമാക്കിയവരാണ് ഇവിടുത്തെ പ്രതിപക്ഷ നേതാക്കള്‍. സ്പീക്കര്‍ ഐ ഫോണൊന്നും വാങ്ങിയിരുന്നില്ലെന്നതും നാം ഓര്‍ക്കണം. ആരോപണങള്‍ ഉന്നയിക്കുന്നവര്‍ അത് തിരിച്ചടിക്കുമെന്ന കാര്യമാണ് മറന്നു പോയിരുന്നത്.

ചെന്നിത്തലയ്ക്ക് എതിരെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും അതാണ്. ‘താന്‍ ഐ ഫോണ്‍ വാങ്ങിയിട്ടില്ല എന്ന് ചെന്നിത്തല പറഞ്ഞാല്‍ മാത്രം പോര അത് സ്ഥാപിക്കുക കൂടി വേണം. മറ്റുള്ളവര്‍ക്ക് നിങ്ങള്‍ നിഷേധിക്കുന്ന നീതി നിങ്ങള്‍ക്ക് മാത്രം ലഭിക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കരുത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ വേട്ടയാടിയതും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടതും ചെന്നിത്തലയാണ്. സ്വപ്നയുമായുള്ള ബന്ധം മുന്‍ നിര്‍ത്തിയായിരുന്നു ഈ വേട്ടയാടല്‍. അങ്ങനെയെങ്കില്‍ ഐ ഫോണ്‍ നല്‍കുന്ന തരത്തിലുള്ള ബന്ധം എന്തായിരുന്നു എന്നതിനും ചെന്നിത്തലയില്‍ നിന്നും നാട് മറുപടി പ്രതീക്ഷിക്കുന്നുണ്ട്. ആരോപണങ്ങള്‍ നിഷേധിച്ചത് കൊണ്ടു മാത്രം ആരും സംശയത്തിന് അതീതനാകില്ല. അത് തെളിയിക്കുകയാണ് വേണ്ടത്.

യുണിടാക് എം.ഡി പത്രസമ്മേളനത്തിലല്ല കോടതിയില്‍ പറഞ്ഞ കാര്യങ്ങളാണിത്. അതു കൊണ്ട് തന്നെ ഗൗരവമായി കാണേണ്ടതുമാണ്. യു. എ. ഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥ എന്ന പേരില്‍ സകലരെയും പറ്റിക്കുകയാണ് സ്വപ്ന ചെയ്തിരിക്കുന്നത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ പോലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും അബദ്ധം പറ്റിയുണ്ടെങ്കില്‍ അത് ഏറ്റു പറയുകയാണ് ചെയ്യേണ്ടത്. അതാണ് രാഷ്ട്രീയക്കാര്‍ ഉയര്‍ത്തേണ്ട സത്യസന്ധത. സ്വപ്നയുമായി ബന്ധപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും അവരുടെ യഥാര്‍ത്ഥ മുഖം അറിയാതെ പെട്ടു പോയവരാണ്. ഈ യാഥാര്‍ത്ഥ്യം മറച്ചു വച്ചാണ് പ്രതിപക്ഷം സര്‍ക്കാറിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. കേവല രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയായിരുന്നു ഇത്.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടത്തിയതും വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു മാത്രമാണ്. യു.ഡി.എഫും ബി.ജെ.പിയും ഒരേ ആവശ്യം ഉന്നയിച്ച് സമരം നടത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഈ ‘പരസ്പര സഹകരണം’ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രതികരണത്തിലും ഇപ്പോള്‍ വ്യക്തമാണ്. ഐ ഫോണ്‍ വിവാദത്തിലെ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് വിദേശകാര്യ സഹമന്തി ചെയ്തിരിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റുമായി സംസ്ഥാനം ഇടപ്പെടുന്നതില്‍ പ്രോട്ടോകോള്‍ ലംഘനം കാണുന്ന കേന്ദ്രമന്ത്രിയുടെ ഈ നിലപാട് പക്ഷപാതപരമാണ്.

നയതന്ത്ര ബാഗേജ് വഴിയല്ല സ്വര്‍ണ്ണം കടത്തിയതെന്ന് ഇപ്പോഴും പറയുന്ന മന്ത്രിയാണ് വി.മുരളീധരന്‍. ഇക്കാര്യം സ്വപ്നയോട് പറയാന്‍ നിര്‍ദ്ദേശിച്ച സംഘപരിവാര്‍ മാധ്യമ പ്രവര്‍ത്തകനും മുരളീധരന്റെയും ചെന്നിത്തലയുടെയും അടുത്ത സുഹൃത്താണ്. എല്ലാം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ മുരളീധരന്റെ മൗനത്തിലും കാര്യമില്ലാതില്ല. ഇന്നുവരെ വി.മുരളീധരനെതിരെ ശക്തമായ ഒരു നിലപാട് ചെന്നിത്തല സ്വീകരിച്ചിട്ടില്ല. സംഘപരിവാര്‍ അനുകൂലി എന്ന് ചെന്നിത്തലയെ വിളിക്കുന്ന സി.പി.എം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നതും ഇക്കാര്യങ്ങളാണ്. പിണറായി സര്‍ക്കാറിനെതിരെ ഒരു ഒത്തുകളി പ്രതിപക്ഷത്തുണ്ടെന്നാണ് സി.പി.എം ആരോപിക്കുന്നത്.

ലൈഫ് മിഷനില്‍ സി.ബി.ഐക്ക് കോണ്‍ഗ്രസ്സ് എം.എല്‍.എ പരാതി നല്‍കിയതും രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് ആക്ഷേപം. മുന്‍ കേസുകളില്‍ നിന്നും വ്യത്യസ്തമായി സി.ബി.ഐ പെട്ടന്ന് കേസ് രജിസ്റ്റര്‍ ചെയ്തതിലും സി.പി.എം അസ്വാഭാവികത സംശയിക്കുന്നുണ്ട്. അതു കൊണ്ട് കൂടിയാണ് സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാറും സി.പി.എമ്മും എതിര്‍ക്കുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് സര്‍ക്കാര്‍ വാദം. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എഫ്.സി.ആര്‍.ഐ ചട്ടം ബാധകമാകില്ലെന്നും യൂനിടെക്കും റെഡ് ക്രസന്റും തമ്മിലാണ് ഇടപാടെന്നും ഇതില്‍ സര്‍ക്കാറിന് ബന്ധമില്ലെന്നുമാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഫ്‌ലാറ്റ് നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സി.ബി.ഐ അന്വേഷണം ദുരുദ്ദേശപരമായതിനാല്‍ നിയമപരമായ എല്ലാ സാധ്യതയും തേടാനാണ് സര്‍ക്കാറിന്റെ തീരുമാനം. അതേസമയം യു.ഡി.എഫും ബി.ജെ.പിയും സി.ബി.ഐ അന്വേഷണത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയാണ് നിലവില്‍ ചെയ്യുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാറിനെ കുരുക്കിലാക്കാന്‍ കഴിയില്ലന്ന് കണ്ടാണ് ഈ ചുവട് മാറ്റം.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പ്രതിപക്ഷത്തിന്റെ ആദ്യ ടാര്‍ഗറ്റ്. ശിവശങ്കറിലൂടെ മുഖ്യമന്ത്രിയെ കുരുക്കുകയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസിന് ഫോണ്‍ കോള്‍ പോയി എന്ന ആരോപണവും ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഈ ആക്ഷേപം ശരിയല്ലെന്ന് കസ്റ്റംസ് തന്നെ പിന്നീട് വ്യക്തമാക്കുകയാണുണ്ടായത്. ഇതുവരെ സ്വര്‍ണ്ണക്കടത്തു കേസില്‍ ശിവശങ്കറിനെ പ്രതിയാക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടുമില്ല. ആവശ്യമായ തെളിവുകള്‍ ലഭിക്കാത്തതാണ് ഇതിനു കാരണം. മന്ത്രി കെ.ടി. ജലീലിനു മേല്‍ ചാര്‍ത്തപ്പെട്ട ഖുറാന്റെ മറവിലെ സ്വര്‍ണ്ണക്കടത്തും ഇപ്പോള്‍ ആവിയായി മാറിയിട്ടുണ്ട്.

ജലീലിന്റെ രാജി ആവശ്യപ്പെട്ട സമരവും യു.ഡി.എഫിനിപ്പോള്‍ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. എന്നിട്ടും പ്രതിപക്ഷം ഇപ്പോഴും ഇവരെയൊക്കെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് കടന്നാക്രമിക്കുന്നത്. അതുകൊണ്ടു തന്നെ സമാനമായ കടന്നാക്രമണം രമേശ് ചെന്നിത്തലയ്ക്ക് എതിരെ നടക്കുന്നതും സ്വാഭാവികമാണ്. കാരണം സ്വപ്ന ചെന്നിത്തലയ്ക്ക് ഫോണ്‍ നല്‍കിയെന്ന ആരോപണം തന്നെ ഗുരുതരമാണ്. ചെന്നിത്തല ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമായ കാര്യമാണ് പുറത്ത് വന്നിരിക്കുന്നത്. സ്വപ്ന ഒരു ലക്ഷത്തിന് മേല്‍ വിലയുള്ള ഫോണാണ് ചെന്നിത്തലയ്ക്ക് നല്‍കിയതെന്നാണ് യൂണിടാക് എം.ഡി തന്നെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ബില്ലും അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്.

ചെന്നിത്തലയ്ക്ക് ലഭിച്ചു എന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ ആരാണ് ഉപയോഗിച്ചതെന്നത് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുന്നതാണ്. സ്വാഭാവികമായും ഈ നടപടി ക്രമങ്ങളിലേക്ക് അന്വേഷണ സംഘത്തിന് ഇനി കടക്കേണ്ടി വരും. രമേശ് ചെന്നിത്തലയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്കും ഇത് ഏറെ നിര്‍ണ്ണായകമാകും. ഐ ഫോണ്‍ വാങ്ങിയെന്ന് തെളിഞ്ഞാല്‍ സര്‍ക്കാറിനും സി.പി.എമ്മിനും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ചെന്നിത്തലയ്ക്ക് വിഴുങ്ങേണ്ടി വരും. സ്വന്തം പാളയത്തില്‍ ചെന്നിത്തലയ്‌ക്കെതിരെ പടയൊരുക്കവും ശക്തമാകും. അതാകട്ടെ ആരോപണം വന്നപ്പോള്‍ തന്നെ തുടങ്ങി കഴിഞ്ഞിട്ടുമുണ്ട്.

സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷനിലും പ്രതിപക്ഷ നേതാവ് പ്രതിക്കൂട്ടിലാക്കിയത് സംസ്ഥാന സര്‍ക്കാറിനെയാണ്. മാധ്യമങ്ങളിലൂടെ ആരംഭിച്ച ആക്രമണം തെരുവിലെ പോരാട്ടത്തിലാണ് കലാശിച്ചിരിക്കുന്നത്. മന്ത്രി ജലീല്‍ ഖുറാന്റെയും ഈത്തപ്പഴത്തിന്റെയും മറവില്‍ കള്ളക്കടത്തിന് കൂട്ടുനിന്നു എന്നതായിരുന്നു പ്രധാന ആരോപണം. യു. എ. ഇ കോണ്‍സുലേറ്റില്‍ ജലീല്‍ ഇടപെട്ടത് പ്രോട്ടോകോള്‍ ലംഘിച്ചാണെന്നും ചെന്നിത്തല തുറന്നടിച്ചിരുന്നു.

പത്രസമ്മേളനങ്ങളുടെ ഒരു പരമ്പര തന്നെ അദ്ദേഹം നടത്തുകയുണ്ടായി. ഇതിനെല്ലാം ചേര്‍ത്ത ഒരു മറുപടിയാണ് ഐ ഫോണ്‍ വിവാദത്തിലൂടെ സി.പി.എം ഇപ്പോള്‍ നല്‍കി വരുന്നത്. സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷ ‘ആക്രമണത്തെ’ പ്രതിരോധിക്കാന്‍ കഴിയാതെ അന്തം വിട്ടിരിക്കുകയാണിപ്പോള്‍ യു.ഡി.എഫ് അണികള്‍. കാലം സ്‌പോട്ടില്‍ തന്നെ നല്‍കുന്ന കാവ്യനീതിയാണിത്.

Top