ചെന്നിത്തലയ്ക്ക് പിന്നാലെ സുധാകരനെ പിന്തുണച്ച് മുല്ലപ്പള്ളി രാമചന്ദ്രനും

തിരുവനന്തപുരം: ചെന്നിത്തലയ്ക്ക് പിന്നാലെ സുധാകരനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരന്റെ പരാമര്‍ശത്തില്‍ ജാതീയമായി ഒന്നുമില്ലെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. വസ്തുതാപരമായി മാത്രം സംസാരിക്കുന്നയാളാണ് സുധാകരന്‍. വിവാദം അര്‍ത്ഥ ശൂന്യമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

പൊട്ടിത്തെറിക്ക് തുടക്കമിട്ട കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടിനെതിരെ പാര്‍ട്ടി വടിയെടുക്കുമെന്ന് കരുതിയിടത്ത് നിന്നാണ് പിന്തുണയ്ക്കാനുള്ള നേതാക്കളുടെ മത്സരം. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത് തെറ്റെങ്കില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം വരെ രാജിവെക്കാമെന്ന് പറഞ്ഞുള്ള സുധാകരന്റെ സമ്മര്‍ദ്ദത്തില്‍ നേതൃത്വം വീണു. സുധാകരന്റെ പിണറായി വിരുദ്ധ കാര്‍ഡ് അണികള്‍ വല്ലാതെ ഏറ്റുപിടിച്ചതോടെ പാാര്‍ട്ടി സുധാകരന്റെ വഴിയിലേക്കെത്തിയിരിക്കുകയാണ്.

സുധാകരന്‍ മാപ്പ് പറയണമെന്ന് ആദ്യം ആവശ്യപ്പെട്ട ഷാനിമോള്‍ ഉസ്മാന്‍ സുധാകരനോട് ക്ഷമചോദിച്ചു. പെട്ടെന്നുള്ള പ്രതികരണം പിഴവാണെന്ന് സമ്മതിച്ചാണ് പിന്‍മാറ്റം. നേതാക്കളുടെ ക്ഷമാപണവും തിരുത്തുമെല്ലാം സ്വീകരിച്ച സുധാകരന്‍ പിണറായിക്കെതിരെ കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. ചെത്തുകാരന്‍ എന്ന് വിശേഷിപ്പിച്ചതില്‍ എന്താണ് അപമാനം, എല്ലാവരെയും ആക്ഷേപിക്കുന്ന പിണറായി ആദരവ് അര്‍ഹിക്കുന്നുണ്ടോയെന്നും സുധാകരന്‍ ഇന്ന് വീണ്ടും ചോദിച്ചു.

Top