കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിലെ അതൃപ്തി പരസ്യമാക്കി ചെന്നിത്തല

തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിലെ അതൃപ്തി പരസ്യമാക്കി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചപ്പോള്‍ മാനസിക സംഘര്‍ഷമുണ്ടായെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പില്‍ ചില പൊരുത്തക്കേടുകള്‍ തോന്നി. രണ്ടു പതിറ്റാണ്ട് മുന്‍പ് ലഭിച്ച അതേ പദവിയില്‍ തന്നെ വീണ്ടും നിയമിച്ചപ്പോഴാണ് അസ്വാഭാവിക തോന്നിയത്. പാര്‍ട്ടി മുമ്പ് ഒരുപാട് ഉത്തരവാദിത്തങ്ങളും പദവികളും നല്‍കിയിട്ടുണ്ട്. പക്ഷേ കഴിഞ്ഞ 2 വര്‍ഷമായി ഒരു പാര്‍ട്ടി പദവിയിലുമില്ല. എന്നിട്ടും സംസ്ഥാനത്തെ ഇടത് സര്‍ക്കാരിനെതിരായ പോരാട്ടത്തിന് ഞാന്‍ നേതൃത്വം നല്‍കി. ഒരു പദവിയും ഇല്ലെങ്കിലും അത് തുടരും. പ്രവര്‍ത്തക സമിതിയുമായി ബന്ധപ്പെട്ട് പറയാനുള്ളത് ഹൈക്കമാന്‍ഡിനെ അറിയിക്കാനാണ് തീരുമാനം.

പുറത്തുപറഞ്ഞു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ല. പാര്‍ട്ടിക്കുള്ളില്‍ പറയും. നേരത്തെ പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെട്ടതിലായിരുന്നില്ല. അത് കൈകാര്യം ചെയ്ത രീതിയിലായിരുന്നു പ്രശ്‌നം. അതില്‍ ആരോടും പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല. ഇതിന്റെ പിന്നാലെയാണ് പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പിലും അവഗണനയുണ്ടായത്. കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നില്ല. വിഷമം ഉണ്ടായി എന്നത് സത്യമാണ്. പ്രതീക്ഷിക്കാത്ത ഒരു കാര്യം കേള്‍ക്കുമ്പോള്‍ വികാരവിക്ഷോഭം ഉണ്ടായി. പറയാനുള്ളത് ഹൈക്കമാന്‍ഡിനെ അറിയിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ സി വേണുഗോപാല്‍ തന്റെ സഹോദരനാണെന്നും അദ്ദേഹം തന്നെ ദ്രോഹിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. CWC പുനസംഘടനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല. വേണുഗോപാലുമായി പരസ്പരം മെച്ചപ്പെട്ട ബന്ധമാണ് ഉള്ളത്. അദ്ദേഹം തനിക്കെതിരെ നില്‍ക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. കെ സി വേണുഗോപാല്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നതില്‍ തനിക്ക് സന്തോഷം മാത്രമാണുള്ളത്. തനിക്കെതിരെ പറഞ്ഞാലും കെ മുരളീധരനെതിരെ താന്‍ ഒന്നും പറയില്ലെന്നും ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടി പല പദവികളും തനിക്ക് നല്‍കിയിട്ടുണ്ട്. CWC അംഗത്വത്തില്‍ മനസ്സില്‍ നീരസം ഉണ്ടായിരുന്നു. താഴേത്തട്ടു മുതല്‍ പ്രവര്‍ത്തിച്ചു ഉന്നത സ്ഥാനങ്ങളില്‍ എത്തിയ ആളാണ് താന്‍. താന്‍ ആര്‍ക്കും അപ്രാപ്യനല്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി പദവികള്‍ ഇല്ല. എന്നിട്ടും ജനങ്ങള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കുകയാണ്. പദവികള്‍ ഇല്ലെങ്കിലും നാളെയും അത് തുടരും. CWCയില്‍ ഇടം നേടിയവര്‍ എല്ലാം അര്‍ഹരും യോഗ്യരുമാണ്. സ്ഥിരം ക്ഷണിതാവ് ആയാണ് തന്നെയും ഉള്‍പ്പെടുത്തിയത്. ഇതില്‍ നേതൃത്വത്തോട് നന്ദി പറയുന്നു.

19 വര്‍ഷം മുമ്പും താന്‍ സ്ഥിരം ക്ഷണിതാവ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ നേതൃത്വം പലപ്പോഴും പല പ്രത്യേക ദൗത്യങ്ങളും എല്‍പിച്ചിട്ടുണ്ട്. രണ്ടു പതിറ്റാണ്ട് മുമ്പ് വഹിച്ച പദവി വീണ്ടും നല്‍കിയപ്പോള്‍ അസ്വാഭാവികത തോന്നിയെന്നത് സത്യമാണ്. വ്യക്തിപരമായ ഉയര്‍ച്ച താഴ്ച്ചകള്‍ക്കല്ല ഈ ഘട്ടത്തില്‍ പ്രസക്തി, പാര്‍ട്ടി തന്നെയാണ് വലുത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറിയപ്പോള്‍ പദവി നഷ്ടമായതില്‍ ആയിരുന്നില്ല വിഷമം, വിഷയം കൈകാര്യം ചെയ്ത രീതിയോട് ആയിരുന്നു എതിര്‍പ്പുണ്ടായിരുന്നത്.

CWC അംഗത്വത്തില്‍ ചില പൊരുത്തക്കേടുകള്‍ തോന്നിയിരുന്നു. പ്രഖ്യാപനം വന്നപ്പോള്‍ അതെല്ലാം മനസ്സില്‍ സ്വാധീനിച്ചു. പ്രതീക്ഷിക്കാത്ത വിവരം കേട്ടപ്പോള്‍ തോന്നിയ വികാരവിക്ഷോഭം മാത്രമായിരുന്നു അത്. ഇപ്പോള്‍ അതൊന്നും മനസ്സില്‍ ഇല്ല. പലരും തന്നെക്കാള്‍ സ്‌നേഹിക്കുന്നത് പാര്‍ട്ടിയെയാണ്. തനിക്കും അതുപോലെ തന്നെയാണ്. പാര്‍ട്ടി എടുക്കുന്ന ഏതു തീരുമാനവും എല്ലാ ഘട്ടത്തിലും അംഗീകരിച്ചിട്ടുണ്ടെന്നും പറയാനുള്ള കാര്യങ്ങള്‍ ഹൈകമാന്റിനെ ധരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top