ചുവപ്പിനോടുള്ള കടുത്ത പകയിൽ, ചെന്നിത്തല നോവിച്ചത് രാഹുലിനെ ! !

ന്നെ ആളാക്കിയ ആളെ തന്നെ ചതിച്ച പാരമ്പര്യമുള്ള നേതാവാണ് രമേശ് ചെന്നിത്തല. കെ. കരുണാകരന്റെ കാര്യത്തില്‍ അത് രാഷ്ട്രീയ കേരളം പണ്ടേ കണ്ടതാണ്. ‘തിരുത്തല്‍വാദം’ ഉപേക്ഷിച്ച് രണ്ടാമത് ചെന്നിത്തല എത്തിയതും ഗൂഢ ലക്ഷ്യത്തോടെയായിരുന്നു. കരുണാകരനും മുരളീധരനും പാര്‍ട്ടിക്ക് പുറത്തായതോടെ ‘ഐ’ ഗ്രൂപ്പിനെ തന്നെയാണ് ചെന്നിത്തല കൈപ്പടിയില്‍ ഒതുക്കിയിരുന്നത്. പിന്നീട് മുരളീധരന്‍ തിരിച്ച് എത്തിയപ്പോഴും ‘ഐ’ ഗ്രൂപ്പ് നേതൃസ്ഥാനം നല്‍കാന്‍ ചെന്നിത്തല തയ്യാറായിരുന്നില്ല.

എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായരെ രംഗത്തിറക്കി ഉമ്മന്‍ ചാണ്ടിയെ വിരട്ടിയാണ് ചെന്നിത്തല കഴിഞ്ഞ സര്‍ക്കാറില്‍ ആഭ്യന്തര മന്ത്രിയായിരുന്നത്. തികഞ്ഞ ജാതിക്കളിയാണ് അന്ന് ചെന്നിത്തല കളിച്ചിരുന്നത്. ബാര്‍ കോഴ കേസില്‍ കെ.എം മാണിയെ കുരുക്കാന്‍ മാത്രമല്ല സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ വെട്ടിലാക്കിയതും ചെന്നിത്തല തന്നെയാണ്. അതിനുള്ള ‘പണി’ എ ഗ്രൂപ്പില്‍ നിന്നും കിട്ടിയാല്‍ അടുത്ത തവണ ചെന്നിത്തലയും നിയമസഭ കാണുകയില്ല. ഈ പേടി ഉള്ളത് കൊണ്ടാണ് സംഘപരിവാറിനെ ചെന്നിത്തല ഇപ്പോള്‍ കൂട്ട് പിടിക്കുന്നത്. ഹരിപ്പാട്ടെ സംഘപരിവാര്‍ വോട്ടിലാണ് ചെന്നിത്തലയുടെ കണ്ണ്.

മുഖ്യമന്ത്രിയാവുക എന്നത് ചെന്നിത്തലയുടെ ഏറ്റവും വലിയ സ്വപ്നമാണ്. ഇത്തവണ അതിന് കഴിഞ്ഞില്ലെങ്കില്‍ ഇനി ഒരിക്കലും ആ സ്വപ്നം സാധ്യമാകില്ലെന്നും ചെന്നിത്തലയ്ക്ക് ശരിക്കും അറിയാം. അതു കൊണ്ടാണ് ആരുമായി സഖ്യമുണ്ടാക്കിയായാലും അധികാരം പിടിക്കണമെന്ന നിലപാടില്‍ അദ്ദേഹം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ഇടതു സര്‍ക്കാറിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തന്നെ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനു വേണ്ടി മാത്രമാണ്. ഉമ്മന്‍ ചാണ്ടിയുമായുള്ള അധികാര തര്‍ക്കത്തില്‍ മാധ്യമങ്ങളിലെ മേധാവിത്വമാണ് ചെന്നിത്തല ആഗ്രഹിക്കുന്നത്.

പിണറായി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നടപടിയും ചെന്നിത്തലയുടെ കണ്ണില്‍ തെറ്റാണ്. തന്റെ വിഡ്ഢി പ്രസ്താവനകള്‍ മാത്രമാണ് ശരിയെന്നതാണ് അദ്ദേഹത്തിന്റെ വാദം. ആര് സര്‍ക്കാറിനെ അഭിനന്ദിച്ചാലും എതിര്‍ക്കാന്‍ ആ നിമിഷം തന്നെ ചെന്നിത്തല ചാടി വീഴും. സാക്ഷാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നതും അതു കൊണ്ടാണ്. പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്നാണ് ചെന്നിത്തല തുറന്നടിച്ചിരിക്കുന്നത്. അത്തരം കാര്യങ്ങള്‍ക്ക് ഇവിടെ ആളുകളുണ്ടെന്നും രാഹുലിന് ചെന്നിത്തല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചതാണ് ചെന്നിത്തലയെ ചൊടിപ്പിച്ചിരിക്കുന്നത്.

ഏത് തുലാസില്‍ തൂക്കിയാലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ തന്നെയാണ് കേരളമെന്നത് ചെന്നിത്തല ഓര്‍ത്ത് കൊള്ളണം. ജാഗ്രത കുറവ് ഇവിടെ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരും കുറ്റക്കാരാണ്. കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ച് പ്രക്ഷോഭം നടത്തിയത് പ്രതിപക്ഷ സംഘടനകളാണ്. അതിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനാണ് ചെന്നിത്തല. വൈറസുകള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന ഏര്‍പ്പാടായിരുന്നു ആ സമരങ്ങള്‍. എന്നിട്ടും മരണ നിരക്കില്‍ ഉള്‍പ്പെടെ നിയന്ത്രണം കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാറിന്റെ മിടുക്ക് ഒന്നു കൊണ്ട് മാത്രമാണ്. അതിന് ഒരു ചെന്നിത്തലയുടെയും സര്‍ട്ടിഫിക്കറ്റ് ഇവിടെ ആവശ്യമില്ല.

അതേസമയം കേരളത്തില്‍ നേതാവ് ചമയാന്‍ രാഹുലിന്റെ സര്‍ട്ടിഫിക്കറ്റ് ചെന്നിത്തലക്ക് ഇനി വേണ്ടി വരും. ഇപ്പോള്‍ രാഹുലിനെ ചൊറിഞ്ഞതിന് അപ്പോഴാണ് ശരിക്കും അനുഭവിക്കാന്‍ പോകുന്നത്. ഡല്‍ഹിയിലെ കാര്യം രാഹുല്‍ ‘നോക്കിയാല്‍’ ചെന്നിത്തലയുടെ ഉള്ള സ്ഥാനവും തെറിക്കാനാണ് സാധ്യത. കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയില്‍ ഇടം നല്‍കാത്തതിലുള്ള അരിശം കൂടിയാണ് ചെന്നിത്തല, വിവാദ പ്രതികരണത്തിലൂടെ തീര്‍ത്തിരിക്കുന്നത്. തന്റെ ശിഷ്യനായ കെ.സി വേണുഗോപാലിന് കീഴില്‍ പാര്‍ട്ടിയില്‍ ഇരിക്കേണ്ടി വരുന്നത് ചെന്നിത്തലയെ ശരിക്കും വിളറി പിടിപ്പിച്ചിട്ടുണ്ട്.

കെ.സിക്കു പുറമെ എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മാത്രമാണ് കേരളത്തില്‍ നിന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയിലുള്ളത്. സീനിയറായ തന്നെ തഴഞ്ഞ് കെ.സി വേണുഗോപാലിന് സ്ഥാനം നല്‍കിയത് ചെന്നിത്തലയെ അസ്വസ്ഥപ്പെടുത്തിയിരുന്നു. തന്റെ മുഖ്യമന്ത്രി മോഹത്തിന് ഈ ‘കുറവ്’ അയോഗ്യതയാകുമോ എന്ന ഭയവും ചെന്നിത്തലക്കുണ്ട്. ഇതെല്ലാം ചേര്‍ന്ന ഒരു രോഷമാണ് രാഹുലിനെതിരെ ഇപ്പോള്‍ അണപൊട്ടി ഒഴുകിയിരിക്കുന്നത്. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നാണ് ഈ പ്രതികരണത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ നിലവില്‍ വിലയിരുത്തുന്നത്.

Top