ശിവന്‍കുട്ടി രാജി വെയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായത് കനത്ത തിരിച്ചടിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നാല് വര്‍ഷമായി ഈ കേസില്‍ ഒരു ജനപ്രതിനിധിയെന്ന നിലയില്‍ താന്‍ നിയമപോരാട്ടം നടത്തി വരികയായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിലെ നാഴികക്കല്ലാണ് ഈ വിധിയെന്നും ചെന്നിത്തല പറഞ്ഞു.

കേസ് ഹൈക്കോടതിയില്‍ എത്തിയ ഘട്ടത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കാതിരുന്ന പ്രോസിക്യൂട്ടര്‍ ബീനയെ സ്ഥലം മാറ്റിയാണ് ഈ സര്‍ക്കാര്‍ പ്രതികാരം ചെയ്തത്. കേസ് റദ്ദാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച വാദങ്ങളൊന്നും നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂട്ടര്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു.

സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ കേസില്‍ വിചാരണ നേരിടുന്ന മന്ത്രി ശിവന്‍ കുട്ടി രാജി വെയ്ക്കണം. ജനാധിപത്യ മര്യാദ പാലിച്ച് മുഖ്യമന്ത്രി രാജി ആവശ്യപ്പെടാന്‍ തയ്യാറാവണം. കേസില്‍ കുറ്റമുക്തനായാല്‍ ശിവന്‍കുട്ടിക്ക് മന്ത്രിസഭയിലേക്ക് തിരിച്ച് വരാമെന്നും ചെന്നിത്തല പറഞ്ഞു.

 

Top