വിജയരാഘവനെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല ; ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അവഹേളിച്ചതില്‍ ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് ചെന്നിത്തല ഡിജിപിക്ക് പരാതി നല്‍കി.

ഇടതു മുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ രമ്യാ ഹരിദാസിനെ മോശം പരാമര്‍ശത്തിലൂടെ അപമാനിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ(1), (4) അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ഇതോടൊപ്പം പട്ടിക ജാതി – പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം അനുസരിച്ചും വിജയരാഘവനെതിരെ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയെന്നും ഇനി ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ എന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

Top