എഐസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായി ചെന്നിത്തലയും സച്ചിന്‍ പൈലറ്റും പരിഗണനയില്‍

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കാന്‍ നാല് വര്‍ക്കിംഗ് പ്രസിഡിന്റുമാരെ നിയമിക്കാന്‍ നേതൃത്വം. രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ്, ഗുലാം നബി ആസാദ് എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. ദളിത് പ്രാതിനിധ്യം കണക്കിലെടുത്ത് മുകുള്‍ വാസ്നിക്, ഷെല്‍ജ എന്നിവരില്‍ ഒരാളും ഉപാദ്ധ്യക്ഷ പദവിയിലെത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

അഹമ്മദ് പട്ടേല്‍ മുമ്ബ് വഹിച്ച പാര്‍ട്ടി അദ്ധ്യക്ഷയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് എത്തിയേക്കുമെന്നും സൂചനയുണ്ട്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാന്‍ തയ്യാറല്ലെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി ഇപ്പോഴും സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തുടര്‍ന്നേക്കും.

പാര്‍ട്ടിയുടെ ദിവസേനയുളള കാര്യങ്ങളില്‍ സോണിയ ഗാന്ധി ഇപ്പോള്‍ ഇടപെടാറില്ല. അടിയന്തര യോഗങ്ങളില്‍ മാത്രമാണ് സോണിയ ഇപ്പോള്‍ പങ്കെടുക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാന്‍ ആലോചന നടക്കുന്നത്. മേഖലകളായി തിരിച്ചായിരിക്കും നാല് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്ക് ചുമതല നല്‍കുക.

Top