ചക്കയല്ലല്ലോ തുരന്ന് നോക്കാന്‍; സെന്‍കുമാറിനെ നിയമിച്ചതില്‍ പശ്ചാത്തപിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ടി.പി.സെന്‍കുമാര്‍ ഐപിഎസിനെ ഡിജിപി സ്ഥാനത്ത് നിയമിച്ചതില്‍ പശ്ചാത്തപിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെന്‍കുമാറിന്റെ നിയമനം ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നുവെന്നും അതില്‍ താനിപ്പോള്‍ പശ്ചാത്തപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്തെ സെന്‍കുമാറിന്റെ പ്രസ്താവനകളും നിലപാടുകളും വന്‍ വിവാദമായതിന് പിന്നാലെയാണ് ചെന്നിത്തല തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.

മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് സെന്‍കുമാറിനെ ഡിജിപിയാക്കിയത്. മഹേഷ് കുമാര്‍ സിംഗ്ല എന്ന ഐപിഎസ് ഓഫീസറായിരുന്നു സെന്‍കുമാറിന്റെ സ്ഥാനത്ത് ഡിജിപിയാകേണ്ടിയിരുന്നത്. ഒരു മലയാളി സ്ഥാനത്തേക്ക് വരട്ടെ എന്നാണ് താന്‍ ചിന്തിച്ചത്. അല്ലാതെ മറ്റൊന്നും ആലോചിച്ചില്ല. ചക്കയല്ലല്ലോ തുരന്നുനോക്കാനെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ആ തീരുമാനം എടുത്തതിന്റെ ദുരന്തം നമ്മളെല്ലാവരും ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

രമേശ് ചെന്നിത്തല ഡിജിപിയാക്കിയ സെന്‍കുമാറിനെ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് പിന്നാലെയാണ്‌ സ്ഥാനത്തു നിന്നും മാറ്റിയത്. ഇതിനെതിരേ കോടതിയെ സമീപിച്ച സെന്‍കുമാര്‍ പിന്നീട് ഡിജിപി സ്ഥാനത്തിരുന്നാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.

Top