സര്‍ക്കാര്‍ ചീഞ്ഞു നാറുന്നു, എത്ര തൈലം പുരട്ടിയാലും നാറ്റം മാറില്ല; ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവിധ ആരോപണങ്ങളില്‍ പിണറായി സര്‍ക്കാര്‍ ചീഞ്ഞുനാറുകയാണ്. എത്ര തൈലം പുരട്ടിയാലും ഈ നാറ്റം മാറില്ലെന്നും ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ ഗുരുതരമാണ്. കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന ഇഡിയുടെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണ്. ഇതോടെ ശിവശങ്കര്‍ മാത്രമല്ല കേസില്‍ ഉള്‍പ്പെട്ടതെന്ന് വ്യക്തമായി. ഉന്നത ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്ന് അറിയേണ്ടതുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തെ കൊള്ളസംഘം ഉപയോഗിച്ചു. ഗള്‍ഫ് സന്ദര്‍ശനത്തില്‍ ശിവശങ്കറും സ്വപ്നയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഗള്‍ഫില്‍ വെച്ച് സ്വപ്ന മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയോയെന്ന് വ്യക്തമാക്കണം. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതിയിലും സ്വപ്നയ്ക്ക് പങ്കുണ്ടെന്ന് ഇതിനോടകം തെളിഞ്ഞു. ഇതില്‍ ആര്‍ക്കെല്ലാം കമ്മീഷന്‍ ലഭിച്ചെന്ന് അറിയണം. റെഡ് ക്രസന്റുമായുള്ള കരാറിന്റെ പകര്‍പ്പ് സര്‍ക്കാര്‍ നല്‍കാന്‍ മടിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Top