മുഖ്യമന്ത്രി കേരളത്തിലെ കട കാലിയാക്കല്‍ വില്‍പ്പനയിലെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ കടകാലിയാക്കല്‍ വില്‍പ്പനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ താന്‍ നിസാരനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ തന്നെ കാലിയാക്കുന്ന വില്‍പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

‘5000 കോടിക്ക് കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്ക് വിറ്റ് കാശാക്കാന്‍ നോക്കിയത് പിണറായി വിജയനാണ്. കോവിഡ് കാലത്ത് കേരളീയരുടെ ആരോഗ്യ വിവരങ്ങള്‍ മറ്റൊരു അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കാന്‍ ശ്രമിച്ചതും പിണറായി. അവസരം കിട്ടിയാല്‍ എന്തും കുറഞ്ഞ വിലക്ക് വിറ്റുതുലക്കുന്നയാളാണ് മുഖ്യമന്ത്രി. കടകാലിയാക്കല്‍ വില്‍പനയില്‍ മികവ് തെളിയിച്ച പിണറായി വിജയന് മുന്നില്‍ ഞാന്‍ നിസാരനാണ്’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇന്ത്യയില്‍ രണ്ട് സീറ്റിലായിരുന്ന ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ സിപിഎം നല്‍കിയ സംഭാവനകള്‍ ആര്‍ക്കും മറക്കാനാവില്ല. ഏത് ചെകുത്താനേയും കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു അന്ന് ഇ.എം.എസ് പറഞ്ഞത്. ആ ചെകുത്താനാണ് ഇപ്പോള്‍ അധികാരത്തിലേറി ഇന്ത്യയെ വിഴുങ്ങി കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

Top