മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കാന്‍ പഴുതുകള്‍ തേടുന്ന കാട്ടുകള്ളന്‍; ചെന്നിത്തല

തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട വിസ്താരം നടത്തി ലോകായുക്ത വിധി പറഞ്ഞിട്ടും മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കാന്‍ പഴുതുകള്‍ തേടുന്ന മുഖ്യമന്ത്രി കാട്ടുകള്ളനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നടപടി കേരളത്തിലെ ജനങ്ങള്‍ക്ക് പൊറുക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും എന്നിട്ട് കുറേ മന്ത്രിമാര്‍ ന്യായീകരിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

‘ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് കോടിയേരിയും കാനവും പറഞ്ഞത്. മുഖ്യമന്ത്രി ഒരു നടപടിയും എടുത്തില്ല. കാരണം അദ്ദേഹവും ഇതിലെ കൂട്ടുപ്രതിയാണ്. അദ്ദേഹമാണ് വിദ്യാഭ്യാസ യോഗ്യതപോലും മാറ്റം വരുത്തിയതിന് കൂട്ടുനിന്നത്. ആ മുഖ്യമന്ത്രി എങ്ങനെയാണ് ജലീലിനെ പുറത്താക്കുന്നത്.’ – ചെന്നിത്തല ചോദിച്ചു.

തോറ്റ കുട്ടികളെ മുഴുവന്‍ ജയിപ്പിച്ച മന്ത്രിയാണ് ജലീല്‍. ആ നടപടി വന്നപ്പോള്‍ രാജി വെക്കേണ്ടതായിരുന്നു. കസ്റ്റംസ് ചോദ്യം ചെയ്യല്‍ നടപടികളുമായി മുന്നോട്ട് പോയപ്പോള്‍ രാജി വെക്കേണ്ടതയിരുന്നു. ഇപ്പോള്‍ ലോകായുക്ത പറഞ്ഞാല്‍ പോലും രാജി വെക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

സ്പീക്കറെക്കുറിച്ച് തങ്ങള്‍ പറഞ്ഞ ഓരോ കാര്യവും ശരിയായി വന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. അഴിമതിയും കൊള്ളയും നടത്തുന്ന ഒരു ഗവണ്‍മെന്റിനെയാണ് ജനങ്ങള്‍ പുറത്താക്കാന്‍ കാത്തുനില്‍ക്കുന്നത്. ഒരു സംശയവും വേണ്ട മെയ് 2ന് വോട്ടെണ്ണിക്കഴിയുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വരും. ഈ കള്ളന്മാരെ ജനങ്ങള്‍ പുറത്താക്കുമെന്നും ചെന്നിത്തല പറഞ്ഞു.

 

Top