ട്രാന്‍സ്ഗ്രിഡിലെ എസ്റ്റിമേറ്റ് തുക വ്യക്തമാക്കാന്‍ ധൈര്യമുണ്ടോ? മുഖ്യമന്ത്രിയോട് ചെന്നിത്തല!

തിരുവനന്തപുരം: ട്രാന്‍സ്ഗ്രിഡിലെ എസ്റ്റിമേറ്റ് തുക വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം കിഫ്ബിക്ക് എതിരല്ലെന്നും എന്നാല്‍ കിഫ്ബിയുടെ പേരില്‍ നടക്കുന്ന അഴിമതിക്കും ധൂര്‍ത്തിനും എതിരാണെന്നും ചെന്നിത്തല പറഞ്ഞു.

തന്റെ 10 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു. കിഫ്ബി ആരോപണങ്ങളില്‍ കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണെന്നും നല്‍കിയ മറുപടികളെല്ലാം പാതിസത്യം മാത്രമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് മാത്രം പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയമല്ല ഇതെന്നും കിഫ്ബി നിയമം നിയമസഭയില്‍ അവതരിപ്പിക്കുന്നതു മുതല്‍ ഇതിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നതായും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല. ജീവനക്കാരെ കുത്തിനിറച്ചത് എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല. 43,000കോടി രൂപയുടെ പദ്ധതിയില്‍ 10,000 കോടി രൂപയുടെ ഓഡിറ്റ് മാത്രമാണ് നടക്കുന്നത്. ഫണ്ടുകളെക്കുറിച്ചുള്ള അന്വേഷണം കൃത്യമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ നടത്തിക്കഴിഞ്ഞാല്‍ പലരും സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും. വിഷയത്തില്‍ സമഗ്രമായ സി ബി ഐ അന്വേഷണം വേണം- രമേശ് ചെന്നിത്തല വ്യക്തമാക്കി.

2016 നവംബറിലാണ് കിഫ്ബി നിയമഭേദഗതി നിയമസഭ പാസാക്കിയത്. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചചെയ്യാമെങ്കിലും വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കാന്‍ കഴിയുന്നില്ലെന്ന് 2016ല്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

Top