മുസ്ലിം ലീഗിനെ വര്‍ഗീയ ശക്തിയായി മുദ്രകുത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അപലപനീയമെന്ന് ചെന്നിത്തല

ആലുവ: മുസ്ലിം ലീഗിനെ വര്‍ഗീയ ശക്തിയായി മുദ്രകുത്താനുള്ള ശ്രമം അപലപനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നും മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് ലീഗ്. ലീഗിന്റെ ശക്തി കണ്ട് ഭയന്നിട്ടാണ് മുഖ്യമന്ത്രി ഇത്തരം നിലപാട് സ്വീകരിക്കുന്നത്. ഇടക്കിടക്ക് മുഖ്യമന്ത്രി ലീഗിനെ കടന്നാക്രമിക്കുന്നത് അതുകൊണ്ടാണ്. അതുകൊണ്ടൊന്നും ലീഗോ യു.ഡി.എഫോ ക്ഷീണിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.റെയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 1,25,000 കോടി രൂപയുടെ പദ്ധതി കേരളത്തിന് താങ്ങാനാകില്ല. നേരത്തെ യു.ഡി.എഫ് കൊണ്ടുവന്ന ഹൈസ്പീഡ് റെയില്‍വേ നടപ്പാക്കിയിരുന്നെങ്കില്‍ ഇത്രയും പാരിസ്ഥിതിക ആഘാതമുണ്ടാകുമായിരുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കെ.റെയില്‍ പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനമോ സാമൂഹിക ആഘാതപഠനമോ നടത്തിയിട്ടില്ല. നിര്‍ബന്ധ ബുദ്ധിയോടെ നടപ്പിലാക്കാനുള്ള ശ്രമമാണ്. ഇത് യഥാര്‍ത്ഥത്തില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ്. കല്ലിടുന്നത് വായ്പയെടുക്കാന്‍ മാത്രമാണ്. പദ്ധതി ഉടനെ നടപ്പാക്കാനൊന്നുമല്ല. ഇതിന്റെ കാല്‍ഭാഗം തുകകൊണ്ട് യു.ഡി.എഫ് കൊണ്ടുവന്ന ഹൈസ്പീഡ് റെയില്‍വേ നിലവിലെ റെയില്‍വേ ലൈനിനോട് ചേര്‍ന്ന് നടപ്പിലാക്കാന്‍ കഴിയുമായിരുന്നു.

ചരടുകളുള്ള വായ്പയാണിത്. ഭൂമി പണയം വച്ച് വായ്പയെടുക്കാനാണ് നീക്കം. കണ്‍സട്ടന്റ് കമ്പനിയെ പല രാജ്യങ്ങളും കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ളതാണ്. 1,25,000 കോടി രൂപയുടെ അഞ്ച് ശതമാനമാണ് അവരുടെ കമീഷന്‍. കണ്‍സള്‍ട്ടന്‍സി കമ്പനിക്കായി ആഗോള ടെണ്ടര്‍ വിളിക്കാതെ ഇഷ്ടക്കാര്‍ക്ക് നല്‍കുകയായിരുന്നു. ഇതെല്ലാം ഗുരുതരമായ അഴിമതിയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Top